'അയ്യങ്കാളി' അധസ്ഥിതരുടെ രാജാവ്
വാൽക്കണ്ണാടി
കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ കൊടുങ്കാറ്റു സൃഷ്ടിച്ച മഹാനായ അയ്യൻകാളിയുടെ ജന്മ വാർഷികം ആണ് ചിങ്ങമാസത്തിലെ അവിട്ടം. മനുഷ്യന്റെ സാധാരണ അവകാശങ്ങൾ പോലും പൂർണ്ണമായി നിഷേധിക്കപ്പെട്ട ഒരു കൂട്ടം ജനതയുടെ വിമോചനവും പുരോഗതിയുമായിരുന്നു അയ്യൻകാളിയുടെ ലക്ഷ്യം.
ചരിത്രത്തിന്റെ അവിസ്മരണീയ ചിത്രം; അയ്യൻകാളി
വിപ്ലവമെന്ന വാക്കിന്റെ നേർപൊരുൾ എന്തെന്നു മനസ്സിലാക്കിയ അപൂർവ്വ വ്യക്തികളിലൊരാളാണ് അയ്യൻകാളി. അയ്യൻകാളിയുടെ ജീവിതം തീക്കനൽപ്പുറത്ത് കൂടെയുള്ള യാത്രയായിരുന്നു. അദ്ദേഹത്തിന്റെ തീവ്ര സമരങ്ങൾ ഇവിടത്തെ ജനതയ്ക്കു വേണ്ടി മാത്രമായിരുന്നു. മടുത്തു മാറാത്ത മനസ്സും തളർന്നുറങ്ങാത്ത മേധാ ശക്തിയുമുണ്ടെങ്കിൽ ഏതു ദുരാചാര മതിലുകളും പൊളിച്ചു നീക്കാമെന്ന് ആ മഹാൻ തെളിയിച്ചു. അയ്യൻകാളിയെ സമുദായ പരിഷ്‌കർത്താക്കളുടെ മുന്നണിയിലാണ് ചരിത്രം നിറുത്തിയിരിക്കുന്നത്. മരണത്തിനു ശേഷം വിശ്രമം എന്നു പറഞ്ഞ് രാവും പകലും അവിശ്രമം കർമ്മകാണ്ഡത്തിൽ മുഴുകിയ അയ്യൻകാളി ചരിത്രത്തിന്റെ അവിസ്മരണീയ ചിത്രമായി എന്നും നിലകൊള്ളും. അയ്യൻകാളി മലയാളക്കരയുടെ ഇരുണ്ട യുഗത്തിന് അന്ത്യംകുറിച്ച പ്രക്ഷോഭകാരിയായിരുന്നു.
ചാരം മൂടിയ തീക്കനലായി ആ സംഭവം
തിരുവനന്തപുരം ജില്ലയിലെ വെങ്ങാന്നൂരിൽ പുലയ സമുദായത്തിൽപ്പെട്ട പെരുങ്കാട്ട് വിളപ്ലാവന്തര അയ്യന്റെയും മാലയുടെയും മകനായി 1863 ഓഗസ്റ്റ് 28 നാണ് അയ്യൻകാളി ജനിച്ചത്. ബാല്യകാലത്തെ അനുഭവങ്ങളും ജാതീയമായി അടിച്ചേൽപ്പിക്കപ്പെട്ട അവശതയും അയ്യങ്കാളിയെ വേറിട്ട ഒരു ബാലനാക്കി. സ്വന്തം അനുഭവത്തിൽ നിന്നും ലഭിച്ച പാഠങ്ങൾ അവൻ തന്റെ കൂട്ടുകാർക്കു പറഞ്ഞു കൊടുത്തു. ഒരു സാഹോദര്യം അങ്ങനെ വളർന്നു വന്നു. സവർണ സമൂഹം 'ധിക്കാരി' എന്നും 'നിഷേധി' എന്നും കാളിയെ മുദ്ര കുത്തി. സ്വസമുദായമാകട്ടെ കാളിയെ 'മൂത്തപിള്ള' എന്നും 'ഊർപിള്ള' എന്നും സംബോധന ചെയ്തു.
അക്കാലത്ത് കാളിയും സംഘവും 'ശ്രീഹരിശ്ചന്ദ്ര' എന്ന നാടകം അവതരിപ്പിച്ചു. അയിത്തവും തീണ്ടലും മാറണമെങ്കിൽ ആദ്യം പുരോഗതി പ്രാപിക്കേണ്ടത് സ്വസമുദായമാണെന്ന തിരിച്ചറിവ് കാളിക്കുണ്ടായി. എല്ലാം വിധിയാണെന്ന് കരുതി കഴിയുന്ന ഒരു ജനതയെ ഉദ്ധരിക്കാൻ ആവശ്യം വേണ്ടത് ബോധവൽക്കരണമാണെന്നും കാളി ഉറച്ചു. അതുകൊണ്ടാണ് 'ഹരിശ്ചന്ദ്ര' എന്ന നാടകം അവതരിപ്പിക്കാൻ കാളി മുതിർന്നത്. തമിഴും മലയാളവും കലർന്ന ഒരു സങ്കര ഭാഷയാണ് ഇതിനുപയോഗിച്ചത്. സാമുദായിക പ്രവർത്തനങ്ങൾക്ക് നാടുനീളേ നടന്നപ്പോൾ ഈ നാടക സംഘവും കാളിക്ക് പിന്തുണയായി ഉണ്ടായിരുന്നു. സവർണരിൽ നിന്ന് എതിർപ്പുണ്ടായാൽ തിരിച്ചടിക്കാൻ പ്രാപ്തിയുള്ള ഒരു സംഘത്തെ വാർത്തെടുക്കണമെന്ന് കാളി തീരുമാനിച്ചു. അടി, തട, ഗുസ്തി, മർമവിദ്യ എന്നിവ രഹസ്യമായി പഠിക്കുവാൻ സംഘം തീരുമാനിച്ചു. 'അയ്യങ്കാളിപ്പട' എന്ന് പിൽക്കാലത്ത് പ്രശസ്തമായ പടയെ ഇങ്ങനെയാണ് കാളി രൂപപ്പെടുത്തിയത്. സവർണർ ഈ സംഭവം ചർച്ച ചെയ്തു. അയ്യൻകാളിയുടെ സംഘത്തിൽ ഉള്ളവരെല്ലാം ബലിഷ്‌ഠരാണെന്നും എതിർത്താൽ അപമാനം സഹിക്കേണ്ടി വരുമെന്നും സവർണ്ണർ മനസ്സിലാക്കി. പല സ്ഥലത്തു നിന്നും പ്രതിഷേധം ഉയർന്നു. ചാരം മൂടിയ തീക്കനലായി സവർണരിൽ ആ സംഭവം കിടന്നു.
ആദ്യത്തെ സായുധ സമരം
അരുവിപ്പുറത്ത് അയ്യൻകാളി 1888-ൽ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചു. ഗുരുദേവന് അയ്യൻകാളിയിലെ നവോത്ഥാന നായകനെ കണ്ടെത്താൻ കഴിഞ്ഞു. അധ:സ്ഥിതവർഗങ്ങളുടെ എന്ത് പ്രശ്‍നം ഉണ്ടായാലും അയ്യങ്കാളി അവിടെ ഓടിയെത്തും. അവരുടെ സുഖത്തിലും ദുഖത്തിലും അദ്ദേഹം പങ്കു കൊള്ളും. ഏറ്റവും പ്രാഥമികമായി വഴി നടക്കാനുള്ള അവകാശം നേടിയെടുക്കുവാൻ തന്റെ അനുയായികളെ വിളിച്ചു കൂട്ടി അദ്ദേഹം തീരുമാനമെടുത്തു. നാവോത്ഥാന നായകനെ കണ്ടെത്താൻ കഴിഞ്ഞു. അതനുസരിച്ച് അവർ ഒരു ദിവസം ആറാംലംമൂട് ചന്തയിലേക്ക് കാൽ നട ആരംഭിച്ചു. ബാലരാമപുരം ചാലിയത്തെരുവിൽ അവർ തടയപ്പെട്ടു. ആ എതിർപ്പ് ഒരു വലിയ ലഹളയ്ക്ക് കാരണമായി. ഇരുപക്ഷക്കാർക്കും കാര്യമായ മർദ്ദനമേറ്റു.
ആദ്യത്തെ ഈ സായുധ സമരം രക്തച്ചൊരിച്ചിലിനിടയാക്കി. ചാലിയത്തെ തെരുവു ലഹളയുടെ വിവരം കാട്ടു തീ പോലെ പടർന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി എല്ലാ മുക്കിലും മൂലയിലും പ്രക്ഷോഭങ്ങൾ ആരംഭിച്ചു. അധ: സ്ഥിതവർഗങ്ങളുടെ ജന്മാവകാശങ്ങൾക്കു വേണ്ടി ധീരമായി വാദിക്കുകയും പ്രത്യക്ഷ സമരങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തതോടെ അയ്യൻകാളി നാടൊട്ടുക്കും അറിയപ്പെടുന്ന വ്യക്തിയായി തീർന്നു. അക്കാലത്ത് അയിത്ത ജാതിക്കാർക്ക് സ്‌കൂൾ പ്രവേശനം അനുവദിക്കപ്പെടാതിരുന്നതുകൊണ്ട് അനന്തര തലമുറക്കെങ്കിലും അതുണ്ടാകണമെന്നു കരുതി വിദ്യാഭ്യാസ സൗകര്യം നേടുന്നതിന് അദ്ദേഹം പ്രവർത്തനം ആരംഭിച്ചു.
സാധുജനപരിപാലന സംഘം
കേരളത്തിൽ ആദ്യമായി അയിത്ത വരഗ്ഗക്കാരുടെ വകയായി വെങ്ങാനൂരിൽ 1904 ൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. എന്നാൽ അധികം താമസിയാതെ ആ സ്ഥാപനം നശിപ്പിക്കപ്പെട്ടു. മതം എന്തായാലും തന്റെ ജനത ഒന്നായി കഴിയണമെന്ന് അയ്യൻകാളി ആഗ്രഹിച്ചു. എന്നാൽ മതപരിവർത്തനത്തെ അദ്ദേഹം എതിർത്തു.
അയ്യൻകാളി ഒരു ഭീമഹർജി തയാറാക്കി തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ചു. തന്നെ മതപരിവർത്തനത്തിനു നിർബന്ധിക്കുന്നുവെന്നും മതപരിവർത്തനം കാരണം തൻ്റെ ജനതയുടെ സംഖ്യ കുറഞ്ഞുവരുന്നുവെന്നും ആരെയും നിർബന്ധിച്ചു മതം മാറ്റാൻ പാടില്ലെന്ന് വിക്ടോറിയാ മഹാരാഞ്ജിയുടെ കൽപ്പന ഉണ്ടെന്നും അയ്യങ്കാളി ഹർജിയിൽ പറഞ്ഞു.
അയ്യങ്കാളിയെയും കൂട്ടരെയും വിളിച്ചു കൂട്ടി അവരെചേർത്ത് സദാനന്ദ സ്വാമി ഒരു സഭയുണ്ടാക്കി. അങ്ങനെ പാച്ചല്ലൂർ കേന്ദ്രമാക്കി 'ബ്രഹ്മനിഷ്ഠാമഠം സംഘ' ത്തിന്റെ ഒരു ചിൽസഭ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ചിൽസഭ ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. അത് സാമൂഹികമോ, സാമ്പത്തികമോ, ആയ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്നു കണ്ടപ്പോൾ അയ്യങ്കാളിയും കൂട്ടരും അതിൽ നിന്നും വിട്ടു പോയി. അയിത്താചാര വിരുദ്ധ പ്രസ്ഥാനം തുടങ്ങി വച്ച വി. ജെ. തോമസ് വാധ്യാരും, ഹാരീസ് വാധ്യാരും അയ്യങ്കാളിയും ചേർന്ന് 1907-ൽ തീണ്ടലിനും ഇതര സാമൂഹിക അവശതകൾക്കും വിധേയരായ എല്ലാ ജാതിവിഭാഗക്കാരെയും ചേർത്ത് 'സാധുജനപരിപാലന സംഘം' രൂപീകരിച്ചു. അയ്യങ്കാളി സംഘടനയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. സാധുജനപരിപാലന സംഘത്തിന് 24 വകുപ്പുകൾ അടങ്ങിയ ഒരു നിയമാവലി എഴുതി തയാറാക്കി. അയിത്തജാതിക്കാർക്കു സ്‌കൂൾ പ്രവേശനം അനുവദിച്ചു കൊണ്ട് 1907-ൽ ഗവണ്മെന്റ് തീരുമാനമുണ്ടായി. എന്നാൽ ഈ നിയമം നടപ്പാക്കുവാൻ ഗവൺമെന്റുദ്യോഗസ്ഥരും സ്‌കൂൾ മാനേജർമാരും കൂട്ടാക്കിയില്ല. സ്‌കൂൾ പ്രവേശനം സർവത്ര നിഷേധിക്കപ്പെട്ടതോടെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അടിയാളർ കൃഷിപ്പണിക്കു പോകാതെയായി.
സമാന്തരമായി അവർ കൂലി വർധനയും ജോലിസ്ഥിരതയും ആവശ്യപ്പെട്ടു. വിവിധ
പ്രദേശങ്ങളിലെ തൊഴിലാളികൾ ഒന്നടങ്കം സമരത്തിൽ പങ്കെടുത്തു. ജന്മിമാരും അടിയാളരും തമ്മിൽ നിരവധി സംഘട്ടനങ്ങൾ നടന്നു.
അടിയാളർ പട്ടിണിയിലും ജന്മിമാർ സാമ്പത്തിക പ്രതിസന്ധിയിലുമായി. അവസാനം സന്ധിയാലോചനക്ക് ജന്മിമാർ മുൻകൈയെടുത്തു. കൂലി കൂടുതൽ എന്ന ആവശ്യം ജന്മിമാർ അംഗീകരിക്കുകയും സ്‌കൂൾ പ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അങ്ങിനെ ഒരു വർഷം നീണ്ടുനിന്ന ആ കാർഷിക സമരം 1908-ൽ ഒത്തു തീർപ്പിലെത്തി.
അയ്യൻകാളിയുടെ ജീവിതത്തിലെ വഴിത്തിരിവ്
അയിത്ത ജാതിക്കാർക്കുകൂടി സ്‌കൂൾ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനം ഉത്തരവായി പുറത്തുവന്നത് 1910 ൽ ആയിരുന്നു. ഈ ഉത്തരവും നടപ്പിലായില്ല. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രവേശനം നേടിയെത്തിയ അധ:സ്ഥിതരും സവർണ ജന്മിമാരുടെ പിണിയാളുകളും തമ്മിൽ രൂക്ഷമായ നിരവധി സംഘട്ടനങ്ങൾ നടന്നു. നായരും പുലയരുമുള്ളിടങ്ങളിലെല്ലാം ലഹളയുടെ പ്രതിഫലനമുണ്ടായി.
അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിൽ പുലയരുടെ പ്രതിനിധിയായി 1912-ൽ നാമനിർദേശം ചെയ്തു. അക്ഷര ജ്ഞാനമില്ലാത്ത അയ്യൻകാളിയുടെ ജീവിതത്തിലെ ശ്രദ്ധേയമായ വഴിത്തിരിവ് അദ്ദേഹം ശ്രീമൂലം പ്രജാ സഭയിൽ അംഗമായതാണ്. ആത്മാർത്ഥതയും ആജ്ഞാ ശക്തിയും ഓജസ്സും പകരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ പുലയരിൽ പുരോഗത്തോയുടെ മന്ത്രധ്വനി മുഴക്കി.
അയ്യങ്കാളി വെങ്ങാനൂരിൽ നിന്നും കവടിയാർ കൊട്ടാരത്തിലേക്ക് 1893-ൽ നടത്തിയ വില്ലുവണ്ടി ജൈത്രയാത്ര സവർണ മാടമ്പിമാരുടെ ഗർവ്വിനേറ്റ കനത്ത പ്രഹരമായിരുന്നു. അയ്യൻകാളി ഊരുട്ടമ്പലം സ്‌കൂളിൽ പഞ്ചമി എന്ന പുലയ പെൺകുട്ടിയുടെ 1915 -ൽ പ്രവേശിപ്പിച്ച സംഭവത്തെ തുടർന്നുണ്ടായ പ്രക്ഷോഭം തൊണ്ണൂറാമാണ്ട് ലഹളയായി പരിണമിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം
സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം ചങ്ങനാശ്ശേരിയിൽ നിന്നുമാണ് അച്ചടിച്ചത്. ഇത് ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രമായി പരിഗണിക്കപ്പെടുന്നു.
ക്ഷേത്ര പ്രവേശന വിളമ്പരത്തിന്റെ നിയമ നിർമ്മാണ നടപടികൾക്ക് പിന്നിലും അയ്യൻകാളിയുടെ സ്വാധീനം വളരെ വലുതാണ്. ഇന്ത്യൻ തപാൽ വകുപ്പ് 2002 ൽ അയ്യൻകാളിയുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി. കേരള സർക്കാർ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചു.
അയ്യങ്കാളി 1912-ൽ തന്നെ ശ്രീനാരായണഗുരുവിനെ കണ്ടു. ശ്രീഎമൂലം പ്രജാസഭയിൽ അയ്യങ്കാളിയുടെ പ്രവർത്തന ഫലമായി ചില സ്‌കൂളുകളിൽ അയിത്തജാതിക്കാരുടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കുകയും ചില പ്രദേശങ്ങളിൽ പുലയർക്ക് ഭൂമി പതിച്ചു കിട്ടുകയും ചെയ്തു. പുലയരെ വിവിധ സർക്കാർ ജോലികളിൽ നിയമിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങൾ അയ്യങ്കാളി ആരംഭിച്ചു.
അയിത്തവർഗക്കാരുടെ ജീവിതാവകാശങ്ങൾക്ക് വേണ്ടി
തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും 1910 മുതൽ ജീവിതാവകാശങ്ങൾക്ക് വേണ്ടി അയിത്തവർഗക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി സമരങ്ങൾക്ക് അയ്യങ്കാളി നേരിട്ട് നേതൃത്വം നൽകുകയും മുന്നണിയിൽ പ്രവർത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരെ വാർത്തെടുക്കുകയും ചെയ്തു. അയ്യൻകാളിയുടെ ശ്രമഫലമായി പ്രജാസഭയിൽ പുലയ സമുദായ പ്രതിനിധികളുടെ എണ്ണം മൂന്നായി ഉയർന്നു. സർക്കാർ വളരെ ശ്രമിച്ചിട്ടും അധ:സ്ഥിതിത വർഗക്കാർക്ക് ഫലപ്രദമായ വിധത്തിൽ സ്‌കൂൾ പ്രവേശനം ലഭിച്ചില്ല. അതുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ വെങ്ങാനൂരിൽ സ്വന്തമായി ഒരു സ്‌കൂൾ സ്ഥാപിച്ചു. സ്‌കൂളിനെതിരെയും സവർണർ അക്രമം അഴിച്ചുവിട്ടു.
എതിർപ്പുകളെ അതിശക്തിമായി നേരിട്ടുകൊണ്ട് സ്‌കൂൾ പ്രവർത്തനം മുന്നോട്ട് പോയി. ഗവണ്മെന്റിന്റെ പുതുക്കിയ ഉത്തരവ് 1914-ൽ വന്നിട്ടും അയിത്ത ജാതിക്കാർക്ക് പുല്ലാട്ടുള്ള സ്‌കൂളിൽ പ്രവേശനം ലഭിച്ചില്ല. ഒടുവിൽ വെളിക്കര ചോതിയുടെ ശ്രമഫലമായി മൂന്നു കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. എന്നാൽ അവർ സ്‌കൂളിൽ കയറിയതോടെ സവർണ വിദ്യാർഥികൾ ഒന്നടങ്കം സ്‌കൂൾ ബഹിഷ്കരിച്ചു പുറത്തുപോയി. രോഷാകുലരായ സവർണർ സ്‌കൂളിന് തീവെച്ചു. എന്നിട്ടും സ്‌കൂൾ പ്രവേശനശ്രമം ഉപേക്ഷിക്കപ്പെട്ടില്ല. ഇരു ഭാഗത്തു നിന്നും നിരന്തരമായ ആക്രമണമുണ്ടായി.
അയിത്തജാതി സ്ത്രീകൾ ധരിച്ചിരുന്ന കല്ലും മാലയും ഉപേക്ഷിക്കണമെന്ന് അയ്യങ്കാളി നിർദേശിച്ചു. കഴുത്തു നിറയെ വാരിച്ചുറ്റി നഗ്ന മാറിടത്തിൽ ചുറ്റിവളഞ്ഞു കിടന്നിരുന്ന കുപ്പിച്ചില്ലും പളുങ്കുംകൊണ്ടുള്ള മാലകൾ അടിമത്തത്തിന്റെ ചിഹ്നമായിരുന്നു. കാതിൽ കുണുക്ക് എന്നുപേരുള്ള ഇരുമ്പുകഷണം തൂക്കിയിട്ടിരുന്നു. വസ്ത്രം കൊണ്ടുമറക്കുന്നത് ചട്ടവിരുദ്ധമായിരുന്നു.
അടിമത്തത്തിന്റെ ഈ ചിഹ്നങ്ങൾ ഉപേക്ഷിക്കുവാൻ അയ്യൻകാളി നെയ്യാറ്റിൻകരയിൽ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചു. അത് പരിപൂർണ്ണ വിജയമായിരുന്നു. എന്നാൽ കൊല്ലത്ത് അദ്ദേഹത്തിൻ്റെ ആഹ്വാനം കോളിളക്കങ്ങൾ സൃഷ്ടിച്ചു. സവർണർ ഒന്നടങ്കം ഇളകിമറിഞ്ഞു. കൊല്ലത്ത് 1915 ഒക്ടോബർ 24ന് രാവിലെ പെരിനാട് യോഗം ആരംഭിച്ചു. പ്രാർത്ഥനഗാനം ആലപിക്കുമ്പോൾ സവർണർ സ്റ്റേജിലേക്ക് തള്ളിക്കയറി ആക്രമണം ആരംഭിച്ചു. തുടർന്ന് പരസ്‌പരം അതിരൂക്ഷമായ അക്രമം അരങ്ങേറി. ലഹളയ്ക്ക് നടുവിൽ അയ്യങ്കാളി അക്ഷോഭ്യനായി നിന്നു. പെരിനാട്ട് ലഹളയിൽ പ്രതികളെ പോലീസ് വേട്ടയാടാൻ അനുവദിക്കാതെ അയ്യങ്കാളിയെ സ്വന്തം ജാമ്യത്തിൽ കോടതിയിൽ ഹാജരാക്കി.
അധ:സ്ഥിത വർഗങ്ങളുടെ കിരീടം ചൂടാത്ത രാജാവ്
അയ്യങ്കാളി 1912 മുതൽ 28 വർഷം പ്രജാസഭ മെമ്പർ എന്ന നിലയിൽ പ്രവർത്തിക്കുകയുണ്ടായി. അതിനകം വിദ്യഭ്യാസ രംഗത്ത് പുലയർ മികച്ച നേട്ടങ്ങൾ കൈവരിച്ചു. വിദ്യാഭ്യാസം ലഭ്യമാക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമാംവണ്ണം വർധിച്ചു. ഇക്കാലത്തുടനീളം അദ്ദേഹം സ്വന്തമായി ഭൂമി ഇല്ലാത്തവരും അടകുടിക്കാരുമായ പുലയസമുദായ അംഗങ്ങൾക്ക് ഭൂമി ലഭിക്കുന്നതിനു വേണ്ടി നിരന്തരം വാദിച്ചു കൊണ്ടിരുന്നു. അതിൻ്റെ ഫലമായി നെയ്യാറ്റിൻകര താലൂക്കിൽ വിളപ്പിൽ പകുതിയിൽ 300 ഏക്കറും നെടുമങ്ങാട്ടു താലൂക്കിൽ ഉഴമലക്കൽ
പകുതിയിൽ 500 ഏക്കർ സ്ഥലവും പുലയർക്കു പതിച്ചു കിട്ടി.
അയ്യൻകാളിയുടെ നേതൃത്വത്തിലുള്ള സാധുജനപരിപാലന സംഘം അല്പകാലത്തിനുള്ളിൽ തിരുവിതാംകൂറിൽ എല്ലാ കുഗ്രാമങ്ങളിലും പടർന്നു പന്തലിച്ചു. അതിന്റെ ശാഖകൾ എല്ലാ കരകളിലും രൂപമെടുത്തു. അധഃസ്ഥിത വർഗത്തിൽപ്പെട്ട എല്ലാ വിഭാഗക്കാരെയും ലക്ഷ്യമിട്ടാണ് സംഘം രൂപീകരിച്ചത്. എന്നാൽ പിൽക്കാലത്ത് പ്രവർത്തനങ്ങളിലെ പാളിച്ചകളും എതിരാളികളുടെ കുത്തിയിരിപ്പും കാരണം പുലയർ ഒഴികെയുള്ള വിഭാഗക്കാർ അതിൽ നിന്നും പിന്മാറി.
അവസാനം സംഘത്തിൽ പുലയർ മാത്രം അവശേഷിച്ചു. ശാഖകളുടെ പ്രവർത്തനത്തിന് തിരഞ്ഞെടുക്കപ്പെട്ട കർമ്മസമിതികളുണ്ടായിരുന്നു. സാധുജനപരിപാലന സംഘത്തിന്റെ പ്രവർത്തനങ്ങൾക്കായി അയ്യങ്കാളി വടക്കൻ തിരുവിതാംകൂറിൽ ചുറ്റിസഞ്ചരിക്കുക പതിവായിരുന്നു. മധ്യതിരുവിതാംകൂറിൽ തന്റെ പ്രവർത്തനം കേന്ദ്രീകരിച്ചു. ചങ്ങനാശ്ശേരിയിൽ വാഴപ്പിള്ളി പടിഞ്ഞാറുഭാഗം വില്ലേജിൽ സംഘത്തിന് രണ്ടേക്കർ സ്ഥലം 1922-ൽ പതിച്ചു കിട്ടി. ആയിടക്ക് സംഘടനക്ക് വേണ്ടി സാധുജന പരിപാലിനി എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. വെങ്ങാനൂർ പുതുവൽ സ്‌കൂൾ 1936-ൽ സ്ഥാപിതമായി. ഇതിനോടനുബന്ധിച്ച് നെയ്ത്തുശാല, ഗ്രന്ഥശാല മുതലായവയും സ്ഥാപിക്കുകയുണ്ടായി.
ജനസേവനത്തിന്റെ അഗ്നിപരീക്ഷണങ്ങളിലൂടെ അയ്യങ്കാളി അധ:സ്ഥിത വർഗങ്ങളുടെ കിരീടം ചൂടാത്ത രാജാവായിത്തീർന്നു. ക്ഷേത്ര പ്രവേശന വിളംബരം കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തി. സാധുജന പരിപാലന സംഘത്തിന്റെ ശാഖകൾ വഴി അവശസമുദായക്കാർ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും അയ്യങ്കാളി ബോധവൽക്കരണം നടത്തിക്കൊണ്ടിരുന്നു.
മഹാത്മാഗാന്ധി 1937 ജനുവരി 14 ന് വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദർശിച്ചു. സാധുജന പരിപാലന സംഘത്തിന്റെ വളർച്ച എതിരാളികളെ അലോസരപ്പെടുത്തി. അവർ ഛിദ്രശക്തികൾക്കു പ്രചോദനം നൽകി. അതിൽ കുടുങ്ങിയവർ ഐക്യ സംഘടനക്ക് പകരം പ്രത്യേകം ജാതി സംഘടനയുണ്ടാക്കി.
ഈ കാലഘട്ടത്തിൽ കേശവൻ ശാസ്ത്രി പുലയരെ പ്രത്യേകമായി സംഘടിപ്പിക്കുന്നതിന് പരിശ്രമിച്ചു കൊണ്ടിരുന്നു. കേശവൻശാസ്ത്രി അയ്യൻകാളിയുടെ ജാമാതാവ് ആയിത്തീർന്നശേഷം സംഘടനരംഗത്ത് അയാളെ എതിർക്കുവാൻ അയ്യൻകാളി തയാറായില്ല. കേശവൻ ശാസ്ത്രിയുടെ സമസ്ത തിരുവിതാംകൂർ പുലയർ മഹാസഭ ശക്തിയാർജ്ജിച്ചു. ക്രമേണ സാധുജന പരിപാലന സംഘം പ്രവർത്തനരഹിതമായി. അയ്യൻകാളി സംഘടനാ പ്രവത്തന രംഗത്തു നിന്നും നിഷ്ക്രമിച്ചു. മഹാനായ അയ്യൻകാളി 1941 ,18 ആം തീയതി ദിവംഗതനായി.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment