ആത്മബലിയൊരുക്കി ശിവരാത്രി ആഘോഷം
അത്യപൂർവ്വമായ ആചാരാനുഷ്ടാനങ്ങൾ അലിഞ്ഞു ചേർന്നും ആത്മീയ വിശുദ്ധി വഴിഞ്ഞൊഴുകിയും സർവ്വൈശ്വര്യങ്ങളുടെ സമ്ബനവ്യമായി ശിവരാത്രി മഹോത്സവം വന്നെത്തി . ഭാരതത്തിൽ ഉടനീളം ഭക്തിനിർഭരമായി ശിവരാത്രി ആഘോഷിക്കുന്നു . ശിവരാത്രിയുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങൾ തേജോമയമായി നില നിൽക്കുന്നു .
അമൃതലബ്ധിക്കു വേണ്ടി ദേവന്മാരും അസുരന്മാരും ചേർന്ന് മന്ഥര പർവ്വതം കടകോലായും വാസുകി കയറായും പാലാഴി കടയുകയുണ്ടായി . കടയാൻ തുടങ്ങിയപ്പോൾ തന്നെ ഭ്രവും ഹേതുവായി മന്ഥരപർവ്വതം കടലിനടിയിലേക്ക് താണു പോയി . അപ്പോൾ മഹാവിഷ്ണു കൂർമ്മാവതാരം സ്വീകരിച്ച് പർവതത്തെ ഉദ്ദരിച്ചു .
വീണ്ടും മഥനം ആരംഭിച്ചപ്പോൾ ആദ്യമായി ഉത്ഭവിച്ചത് ഹാലാഹലം എന്ന് പേരായ മഹാവിഷമായിരുന്നു . അതിന്റെ അസഹ്യമായ ശക്തി ദിക്കുകളിലേക്ക് വ്യാപിച്ചു . മൂന്നു ലോകങ്ങളും ദാഹിച്ചു പോകുമെന്ന സ്ഥിതി വന്നപ്പോൾ എല്ലാവരും കൂടി തിരലോക നാഥനായ സദാശിവനെ സ്തുതിച്ചു . ഭഗവാൻ ലോക രക്ഷാർത്ഥം ആ വിഷം തൻ പണം ചെയ്യുവാൻ പോവുകയാണെന്ന് ശ്രീ പർവ്വതിയോട് പറഞ്ഞു . അനന്തരം ഭഗവാൻ ആ വിഷത്തെ കരതലത്തിലെടുത്ത് പാനം ചെയ്തു . ആ വിഷമാകട്ടെ ഭഗവാന്റെ ഗളത്തിൽ നീല നിറത്തോടു കൂടി താങ്ങി നിന്നു .പരമശിവനെ ഈ കൃത്യമറിഞ്ഞ് പ്രജകളും പാർവ്വതി ദേവിയും ബ്രഹ്‌മാവും മഹാവിഷ്‌ണുവുമെല്ലാം പ്രകീർത്തിച്ചു .
ഈ കാരണത്താൽ ഭഗവാന് നീലകണ്ഠൻ എന്ന നാമവും കൈവന്നു . ശിവന്റെ പ്രവൃത്തിയിൽ വിഷബാധയിൽ നിന്ന് വിമുക്തമായ ദേവന്മാരും അസുരന്മാരും അന്ന് രാത്രി മുഴുവൻ ഉറക്കമൊഴിച്ച് തങ്ങളുടെ രക്ഷിതാവായ ശിവനെ സ്തുതിച്ചു കഴിഞ്ഞുവെന്നാണ് വിശ്വാസം . അതിന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് ശിവരാത്രി ദിവസം ഉപവസിച്ചും ശിവസ്തുതി ചെയ്തും രാത്രി ഉറക്കമൊഴിച്ചും ഭക്തർ കഴിച്ചു കൂട്ടുന്നത് .
ശിവരാത്രി ദിവസം സൂര്യോദയത്തിന് ഏഴര നാഴികയുള്ളപ്പോൾ തന്നെ സ്നാനാദികൾ കഴിച്ച് ഭസ്മക്കുറിയിട്ട് രുദ്രാക്ഷം ധരിച്ച് പഞ്ചാക്ഷരം സ്തുതിച്ചു കൊണ്ട് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം .ഭഗവാന് കൂവളമാലയും കൂവളത്തിലയും സമർപ്പിക്കുന്നതും പുണ്യം തന്നെയാണ് . അന്ന് പകൽ മുഴുവൻ ഉപവസിച്ചു കൊണ്ട് ശിവഭജനയും വേണം . സന്ധ്യക്ക് മൂന്നേമുക്കാൽ നാഴിക മുമ്പായി വീണ്ടും കുളിച്ച് ഭസ്മരുദ്രാക്ഷാതികൾ ധരിച്ചു ശിവദര്ശനവും നടത്തി അസ്തമിച്ച് മൂന്നേമുക്കാൽ നാഴികക്കു ശേഷം വ്രതം അവസാനിപ്പിക്കണം . പിന്നീട് ഭക്ഷണം കഴിക്കുകയും ചെയ്യാം .
അന്ന് രാത്രിയിൽ ഉറങ്ങാതെ പിറ്റേ ദിവസം വീണ്ടും സ്നാനം നടത്തി ശിവദർശനം കഴിക്കണം . ശിവദർശനം , ഉപവാസം , ഉറക്കമൊഴിക്കൽ , കൂവളത്തില സമർപ്പണം , പഞ്ചാക്ഷര ജപം എന്നിവ ശിവരാത്രി ദിനത്തിൽ ചെയ്യുന്നവർ സർവ്വ പാപങ്ങളും നശിച്ചു ശിവലോകം പ്രാപിക്കുമെന്ന് സങ്കൽപ്പിക്കുന്നു .
ശിവരാത്രി ദിവസം ജിതേന്ദ്രീയനായി ഉപവാസം അനുഷ്ഠിച്ചുകൊണ്ട് ശിവനെ പൂജിച്ചാൽ ഒരു വര്ഷം പൂജിച്ച ഫലം സിദ്ധിക്കുമെന്ന് ശിവപുരാണത്തിൽ പ്രതിപാദിക്കുന്നു . യാദൃശ്ചികമായി താനറിയാതെ ഗോകർണ്ണ ക്ഷേത്രത്തിൽ എത്തപ്പെട്ട് ഉപവാസവും ഉറക്കം ഒഴിക്കലും സഹിച്ച് കൈയ്യിൽ കിട്ടിയ കൂവളത്തില വലിച്ചെറിഞ്ഞ് ശിവലിംഗത്തിൽ പതിച്ചുവെന്ന കാരണത്താൽ ശിവ സായൂജ്യം ലഭിച്ച ഒരു ചണ്ഡാലിയുടെ കഥയും ശിവപുരാണത്തിൽ ഉദ്‌ഘോഷിക്കുന്നു .
ശിവപൂജക്ക് സാമാന്യ വിധികളുണ്ട് . ശിവപൂജയിൽ ആദ്യം നന്ദികേശനെയും മഹാകാളയെയും അർപ്പിക്കുന്നു . പിന്നെ ഗംഗയെയും യമുനയേയും ഗണാദികളെയും സരസ്വതിയെയും ശ്രീഭഗവതിയെയും ഗുരുവിനെയും വാസ്തുപുരുഷനെയും ശക്തി മുതലായവരെയും ധർമ്മാദികളെയും പൂജിക്കുന്നു . ശിവനെ പൂജിക്കുന്നത് അംഗങ്ങളോടും വക്രക്തങ്ങളോടും കൂടും വണ്ണമായിരിക്കണം
ശിവരാത്രി വ്രതത്തിന്റെ ഉത്‌ഭവത്തെപ്പറ്റി ഇങ്ങനേയും ഒരു പുരാവൃത്തമുണ്ട് . മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ചു വന്ന താമരയിൽ ബ്രഹ്‌മാവ് ജന്മമെടുത്തു . വിശാലമായ ജലപ്പരപ്പിൽ കൂടി സഞ്ചരിച്ച ബ്രഹ്‌മാവിന് വിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു . നീ ആരെന്ന് ബ്രഹ്‌മാവ് ചോദിച്ചു . ഞാൻ നിന്റെ അച്ഛൻ ആയ വിഷ്ണുവാണെന്ന് മറുപടി കിട്ടി . ആ മറുപടി ബ്രഹ്‌മാവിന് തൃപ്തികരമായി തോന്നിയില്ല . അവർ തമ്മിൽ വഴക്കാരംഭിച്ചു . അത് ഒരു യുദ്ധത്തിലും കലാശിച്ചു .
ബ്രഹ്‌മാവ് ബ്രഹ്മശാസ്ത്രം ഉപയോഗിച്ചു .അതിനെതിരെ വിഷ്ണു പാശുപതാസ്ത്രം തൊടുത്തുവിട്ടു . ലോകം മുഴുവൻ ചുറ്റി നടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാൻ മഹാവിഷ്ണുവിനോ ബ്രഹ്‌മാവിനോ കഴിഞ്ഞില്ല . എന്തു ചെയ്യണമെന്നറിയാതെ അവർ രണ്ടു പേരും പകച്ചു നിന്നു . അപ്പോൾ അവരുടെ മധ്യത്തിൽ ഒരു ശിവലിംഗം ഉയർന്നു വന്നു . അതിന്റെ മേലഗ്രവും കീഴഗ്രവും അദൃശ്യമായിരുന്നു . അഗ്രങ്ങൾ കണ്ടുപിടിക്കുന്നതിന് ബ്രഹ്‌മാവ് മേൽപ്പോട്ടും വിഷ്ണു കീഴ്‌പ്പോട്ടും സഞ്ചരിച്ചു.
ഇരുവരും സഞ്ചരിച്ചിട്ട് ഉദ്ദേശം ലഭിക്കാതെ വന്നപ്പോൾ പൂർവ്വസ്ഥാനത്തു വന്നിരുന്നു . അവരുടെ അടുക്കൽ ശിവൻ ഉടനെ പ്രത്യക്ഷപ്പെട്ട് പാശുപതാസ്ത്രത്തെ ഉപസംഹരിച്ചു . ശിവൻ പ്രത്യക്ഷപ്പെട്ടത് മാഘ മാസത്തിലെ കറുത്തപക്ഷത്തിൽ ചതുർദശി രാത്രിയിലായിരുന്നു . ഇതേത്തുടർന്ന് എല്ലാ വർഷവും പ്രസ്തുത രാത്രി ഒരു വ്രതമായി അനുഷ്ഠിക്കണമെന്നും അതിന് ശിവരാത്രിവ്രതം എന്നു പേരായിരിക്കുമെന്നും ശിവൻ അരുളി ചെയ്തു .
ലോകത്തിന് വേണ്ടിയുള്ള ഭഗവാന്റെ ത്യാഗസമരണയാണ്
ശിവരാത്രി ആഘോഷം . ലോകനാഥമായ ജഗത് പിതാവായാണ് ശിവനെ ആരാധിക്കുന്നത് . ശിവപുരാണം , ശിവസഹസ്രനാമം , എന്നിവ പാരായണം ചെയ്യുന്നത് നല്ലതാണ് . ലോകം മുഴുവൻ ജയിക്കാനായി രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണത്രേ . ശിവനെ തപസ് ചെയ്ത് പ്രീതിപ്പെടുത്തിയ രാവണന് ചന്ദ്രഹാസം എന്ന് വാൾ ഭഗവാൻ നൽകുകയും ഇതിലൂടെ ദ്വെന്മാരെയും മനുഷ്യരെയും ജയിക്കാൻ കഴിഞ്ഞുവെന്നും കഥയുണ്ട് .
ഓം നമഃ ശിവായ ജപം രാപ്പകൽ സദാ ദിവസവും ഏത് കർമ്മമനുഷ്ഠിക്കുമ്പോഴും തുടരുന്നത് ആത്മശുദ്ധിക്കും ആത്മീയ ഉന്നതിക്കും സഹായകമാണ് . ഇഹത്തിലും പരത്തിലും മംഗളം നൽകുന്ന തേജസ്സാണ് ശിവൻ . അനശ്വര സത്യത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഈശ്വര ഭാവമായ ഗുരുവാണ് ശിവൻ . മൃത്യുവിൽ നിന്ന് അമൃതത്തിലേക്ക് ജീവനെ ആനയിക്കുന്ന മൃത്യുഞ്ജയനാണ് . ദുഃഖം നിശ്ശേഷം ഇല്ലാതാക്കുന്ന മഹാത്മാവായ രുദ്രനാണ് ശിവൻ .
ശിവരാത്രി വ്രതത്തിന്റെ മാഹാത്മ്യം വെളിപ്പടുത്തുന്ന ധാരാളം കഥകൾ ശൈവ - സ്‌കന്ദ പുരാണങ്ങളിൽ വർണ്ണിച്ചിട്ടുണ്ട് . മനുഷ്യരുടെ ഗുരുവും ദേവനും ബന്ധുവും ആത്മാവും ജീവനുമെല്ലാം ശിവനാണ് . ഇവിടെ ശിവനില്ലാതെ ഒന്നില്ല എന്ന സ്‌കന്ദ പ്രതിപാദിതമായ അനുഭൂതിയിലെത്തിക്കുവാൻ ശിവരാത്രി പര്യാപ്‌തമാണ് . ഈ വ്രതോത്സവത്തിന്റെ സമുചിതമായ ആഘോഷം നമുക്ക് വിശുദ്ധിയും ശക്തിയും പകർന്നു നൽകുന്നു .
മരണത്തെയും ജീവിത വൈഷമ്യങ്ങളെയും അതി ജീവിക്കുവാൻ മഹാ മൃത്യുഞ്ജയം കൊണ്ട് സാധ്യമാകും എന്നത് നിഷേധിക്കാനാകാത്ത സത്യമാണ് . ശിവോപാസന കാമ , ക്രോധ ലോഭങ്ങളെ ദഹിപ്പിക്കുവാൻ സഹായകമാണ് . അത് ആസക്തികളെ ഇല്ലാതാക്കും . ഭകതരുടെ ഉള്ളിൽ സാത്വികഭാവം വളർത്തുന്നു എന്നതാണ് ശിവരാത്രി വ്രതത്തിന്റെ മഹത്വം . ശാന്തിയുടെ പരമോപാസകനായ വസിഷ്ഠ മഹർഷി ത്രംബകനോട് പ്രാർഥിക്കുന്ന രൂപത്തിലാണ് മൃത്യുഞ്ജയ മന്ത്രം ദർശിക്കപ്പെടുന്നത് . ഭക്തർ പ്രാതസ്‌മരണ സ്തോത്രവും ബില്യാഷ്ടകവും ദ്വാദശ ജ്യോതിർലിംഗ സ്തുതിയും ജപിക്കുന്നു . ശിവനെ വിധിയാംവണ്ണം പൂജിച്ചാൽ മറ്റ് ദേവന്മാരുടെ അനുഗ്രഹവും ലഭിക്കും .
സുരേഷ് അന്നമനട
Leave A Comment