മനുഷ്യനെ സന്ദർശിച്ച് മടങ്ങി; 1200 വയസുള്ള ആ അതിഥി..
പ്രപഞ്ചത്തിന്റെ അജ്ഞാത കോണുകളിൽ നിന്ന് കോടിക്കണക്കിന് വർഷങ്ങൾ സഞ്ചരിച്ച് ഭൂമിയുടെ സമീപം എത്തിയ മൂന്നാമത്തെ അന്തർനക്ഷത്ര വസ്തുവായ 3I/ATLAS ശാസ്ത്രലോകത്തിന് നിർണായക വിവരങ്ങൾ സമ്മാനിച്ച് വീണ്ടും ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക് മടങ്ങുകയാണ്. സൗരയൂഥത്തിന് പുറത്തുനിന്ന് എത്തുന്ന മൂന്നാമത്തെ അന്യഗ്രഹവസ്തുവായ 3I/ATLAS പ്രപഞ്ചത്തിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ചും മറ്റ് നക്ഷത്രവ്യൂഹങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചും പുതിയ സൂചനകളാണ് ശാസ്ത്രജ്ഞർക്ക് നൽകിയത്.
സൗരയൂഥത്തിന് പുറത്തുനിന്നുള്ള ആദ്യ അന്തർനക്ഷത്ര വസ്തുവായ 1I/ഒമുവാമുവ 2017-ലും രണ്ടാമത്തേതായ 2I/ബോറിസോവ് 2019-ലുമാണ് കണ്ടെത്തിയത്. ഇവയ്ക്ക് പിന്നാലെയാണ് 3I/ATLAS എത്തിയത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും ചിലിയിലെ ALMA റേഡിയോ ടെലിസ്കോപ്പും നടത്തിയ വിശദമായ നിരീക്ഷണങ്ങളാണ് പുതിയ കണ്ടെത്തലുകൾക്ക് വഴിയൊരുക്കിയത്.
ഏകദേശം 1.5 മൈൽ വ്യാസമുള്ള ഈ ധൂമകേതു പാറയും മഞ്ഞും ചേർന്നാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലെ രാസഘടന പരിശോധിച്ചപ്പോൾ, നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളിൽ കാണുന്ന സ്ഫടികരൂപത്തിലുള്ള സിലിക്കേറ്റുകൾക്ക് പകരം രൂപരഹിതമായ സിലിക്കേറ്റുകളാണ് കണ്ടെത്തിയത്. വലിയ പ്രക്ഷുബ്ധതകളോ ശക്തമായ ചൂടോ ഇല്ലാത്ത, ശാന്തമായ ഒരു അന്യനക്ഷത്രവ്യൂഹത്തിന്റെ പുറംഭാഗത്താണ് ഈ വസ്തു രൂപംകൊണ്ടതെന്നാണ് ഗവേഷകരുടെ നിഗമനം.
3I/ATLAS-ൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അളവ് വളരെ കൂടുതലാണെന്നും, ഹെവി വാട്ടറിന്റെ അളവ് നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളേക്കാൾ ഏകദേശം 30 മടങ്ങ് കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മൈനസ് 405 ഡിഗ്രി ഫാരൻഹീറ്റിലും താഴെയുള്ള അതിശൈത്യ അന്തരീക്ഷത്തിലാണ് ഇത്തരമൊരു രാസഘടന രൂപപ്പെടാൻ സാധ്യതയെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ജെയിംസ് വെബ് ടെലിസ്കോപ്പ് നടത്തിയ കാർബൺ ഐസോടോപ്പ് പരിശോധനയിൽ കാർബൺ-13ന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 1200 കോടി വർഷങ്ങൾക്ക് മുൻപ്, ക്ഷീരപഥത്തിന്റെ അതിർത്തിയിലൊരിടത്ത് രൂപംകൊണ്ട വസ്തുവാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ഈ വിലയിരുത്തൽ ശരിവെക്കപ്പെടുകയാണെങ്കിൽ, മനുഷ്യൻ ഇതുവരെ നേരിട്ട് പഠിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ വസ്തുവായി 3I/ATLAS മാറും.
കോടിക്കണക്കിന് വർഷങ്ങൾ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ച് ഭൂമിയുടെ സമീപത്തെത്തിയ ഈ അന്തർനക്ഷത്ര സന്ദർശകൻ, എല്ലാ സൗരയൂഥങ്ങളും നമ്മുടെ സൗരയൂഥം പോലെ പ്രക്ഷുബ്ധമല്ലെന്നും ശാന്തമായ നക്ഷത്രവ്യൂഹങ്ങളും പ്രപഞ്ചത്തിലുണ്ടെന്നും തെളിയിക്കുന്നതായി ഗവേഷകർ വിലയിരുത്തുന്നു. വിവിധ നക്ഷത്രവ്യൂഹങ്ങളിലെ ഗ്രഹരൂപീകരണ പ്രക്രിയകളും പ്രപഞ്ചത്തിന്റെ ആദ്യകാല സാഹചര്യങ്ങളും മനസ്സിലാക്കാൻ ഇത്തരം വസ്തുക്കളുടെ പഠനം നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഭാവിയിൽ ഇത്തരം അന്തർനക്ഷത്ര വസ്തുക്കളെ കൂടുതൽ അടുത്തറിഞ്ഞ് പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ Comet Interceptor ദൗത്യം ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. കൂടാതെ Vera C. Rubin Observatory പോലുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ, സൗരയൂഥത്തിന് പുറത്തുനിന്നുള്ള കൂടുതൽ വസ്തുക്കളെ കണ്ടെത്താനും അവയുടെ ഉത്ഭവവും ഘടനയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
Leave A Comment