sports

ബുംറക്ക് ആറു വിക്കറ്റ്; ഇംഗ്ലണ്ട് 253 റൺസിന് പുറത്ത്; ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയ്ക്ക് 171 റണ്‍സ് ലീഡ്. ഇരട്ട സെഞ്ജ്വറി നേടിയ യുവ താരം യശസ്വി ജയ്‌സ്വാളിന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്. 6 വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികച്ച ബൗളിംഗും നിര്‍ണായകമായി.

22 വയസിലാണ് യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ജ്വറി നേട്ടം. 277 പന്തുകള്‍ നേരിട്ടാണ് യുവതാരം ഇരുനൂറ് തൊട്ടത്. 19 ഫോറും ഏഴ് സിക്‌സും അടക്കം 209 റണ്‍സുമായി യശസ്വി മടങ്ങി. വാലറ്റം പൊരുതാതെ കീഴടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 396 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. 76 റണ്‍സെടുത്ത സാക് ക്രൗളി മാത്രമാണ് പിടിച്ചു നിന്നത്. സ്റ്റോക്‌സ് 47 റണ്‍സെടുത്തു. 6 വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന്റെ അഞ്ച് ബാറ്റര്‍മാര്‍ ഇരട്ടയക്കം തികയ്ക്കാതെയാണ് പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ വിക്കറ്റ് പോകാതെ 28 റണ്‍സെടുത്തിട്ടുണ്ട്. 13 റണ്‍സോടെ രോഹിത് ശര്‍മ്മയും 15 റണ്‍സോടെ യശസ്വി ജയ്‌സ്വാളുമാണ് ക്രീസില്‍.

Leave A Comment