sports

വമ്പൻ നേട്ടവുമായി വരുണ്‍ ചക്രവർത്തി; ബാറ്റർമാരിൽ ഉൾപ്പെടെ നേട്ടങ്ങളുമായി ഇന്ത്യ

ദുബായ്:ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ വമ്പൻ ജയം നേടിയതിനു പിന്നാലെ ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ നേട്ടവുമായി ഇന്ത്യയുടെ മിസ്റ്ററി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ബോളര്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന വരുണ്‍ ഒന്നാമതെത്തി. 733 റേറ്റിങ് പോയിൻ്റുമായാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ താരം ഇതാദ്യമായാണ് തലപ്പത്തേക്ക് എത്തുന്നത്.ഐസിസി ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് വരുണ്‍ ചക്രവര്‍ത്തി. ജസ്പ്രീത് ബുംറ, രവി ബിഷ്‌ണോയ് എന്നിവരാണ് വരുണിന് മുന്നെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ 12 മാസങ്ങളായി തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളുമായി ഇന്ത്യന്‍ ബോളിങ് നിരയില്‍ പ്രധാനിയായി മാറാന്‍ 34-കാരന് കഴിഞ്ഞിരുന്നു. സ്ഥിരതയാര്‍ന്ന ഈ പ്രകടനമാണ് താരത്തിനെ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് എത്തിച്ചത്. നിലവില്‍ പുരോഗമിക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് വരുണിന്‍റേയും നേട്ടം.ഇന്ത്യയുടെ ടൂര്‍ണമെന്‍റ് ഓപ്പണറില്‍ യുഎഇയ്‌ക്കെതിരെ രണ്ട് ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്താന്‍ വരുണിന് കഴിഞ്ഞിരുന്നു. ചിരവൈരികളായ പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ വരുണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. വരുണിനെ കൂടാതെ രവി ബിഷ്‌ണോയിയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. രണ്ട് സ്ഥാനങ്ങള്‍ നഷ്‌ടപ്പെട്ട താരം എട്ടാമതാണ്.അതേസമയം വരുണിൻ്റെ കുതിപ്പില്‍ ന്യൂസിലന്‍ഡിൻ്റെ ജേക്കബ് ഡഫിയ്‌ക്കാണ് ഒന്നാം സ്ഥാനം നഷ്‌ടമായത്. വെസ്റ്റ് ഇൻഡീസ് സ്പിന്നർ അകീയൽ ഹൊസൈൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഓസ്‌ട്രേലിയയുടെ ആദം സാംപ ഒരു സ്ഥാനം ഉയര്‍ന്ന് നാലാമതെത്തി. മൂന്ന് സ്ഥാനങ്ങള്‍ താഴ്‌ന്ന ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദാണ് അഞ്ചാമത്. ആറ് സ്ഥാനങ്ങള്‍ ഉയര്‍ന്ന ശ്രീലങ്കയുടെ നുവാന്‍ തുഷാര ആറാം റാങ്കിലേക്ക് കയറി.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ അഭിഷേക് ശര്‍മ ഒന്നാമത് തുടരുകയാണ്. രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന തിലക് വര്‍മ നാലാമതാണ്. ഒരു സ്ഥാനം നഷ്‌ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഏഴാമതുണ്ട്. നാല് സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ 36-ാം റാങ്കിലുണ്ട്. അതേസമയം ഏഷ്യ കപ്പില്‍ ഇതുവരെ ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ് തിരച്ചടി നേരിട്ടു. ആറ് സ്ഥാനങ്ങള്‍ നഷ്‌ടപ്പെട്ട സഞ്‌ജു 40-ാം റാങ്കിലേക്ക് വീണു. ടി20 ഓൾറൗണ്ടർമാരുടെ റാങ്കിങ്ങില്‍ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടി20 ടീം റാങ്കിങ്ങില്‍ ഇന്ത്യയാണ് ഒന്നാമത്.


Leave A Comment