ക്രൈം

ബെംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ചയാള്‍ ഒടുവിൽ പിടിയിലായത് കേരളത്തിൽ നിന്ന്

കോഴിക്കോട്: ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പത്തോളം ദിവസങ്ങൾക്കു ശേഷം കോഴിക്കോട് നിന്നും അറസ്റ്റിലായി. മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിച്ച പ്രതിയെ 700-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് വലയിലാക്കിയത്. ബെംഗളൂരുവിലെ ഒരു ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന സന്തോഷ് (26) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.കോഴിക്കോട്ടെ ഒരു ഉള്‍പ്രദേശത്ത് നിന്നാണ്‌ ഇയാള്‍ പിടിയിലായത് എന്നാണ് വിവരം.

ഏപ്രില്‍ മൂന്ന് വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെയാണ് പ്രതി കടന്നുപിടിച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും പരാതിയുമായി എത്താഞ്ഞതോടെ പൊലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം നടത്തിയത്.സംഭവം നടന്ന വഴിയിലെ ഒരു കെട്ടിടത്തിന്റെ സിസിടിവിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുവന്നിരുന്ന പെണ്‍കുട്ടികളില്‍ ഒരാളെ പിന്നാലെ എത്തിയ പ്രതി പുറകില്‍നിന്ന് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അക്രമിയെ ചെറുക്കാന്‍ ശ്രമിക്കുന്നതും നിമിഷങ്ങള്‍ക്കകം ഇയാള്‍ വന്നവഴിയേ ഓടിമറയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.ദൃശ്യങ്ങള്‍ വൈറലായെങ്കിലും ആരും പരാതിയുമായി എത്താതിരുന്നതോടെയാണ് ബെംഗളൂരു പോലീസ് സ്വമേധയാ കേസില്‍ അന്വേഷണം ആരംഭിച്ചത്. കൈയേറ്റം, ലൈംഗികാതിക്രമം, അപായപ്പെടുത്താനുള്ള ലക്ഷ്യത്തോടെ പിന്തുടരുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതിക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയത്.

സിസിടിവിയില്‍ അക്രമിയുടെ മുഖം വ്യക്തമായി പതിയാതിരുന്നത് പോലീസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കായി അന്വേഷണം ശക്തമാക്കിയതോടെ സന്തോഷ് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് പോയി. അവിടെനിന്നാണ് കോഴിക്കോട്ടേക്ക് കടന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് സന്തോഷിനെ കോഴിക്കോട്ട് നിന്നും കസ്റ്റഡിയിലെടുത്തത്.

Leave A Comment