ചമ്മന്തി നൽകാത്തതിന് തട്ടുകടയിൽ അക്രമം; കാപ്പ നിയമപ്രകാരം പ്രതി അറസ്റ്റിൽ
കൊല്ലം: ചമ്മന്തി നൽകാത്തതിനെ തുടർന്ന് തട്ടുകടയിൽ അക്രമം നടത്തിയ കേസിലെ പ്രതിയെ കാപ്പ (KAAPA) നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം സ്വദേശി അജ്മൽ (36) ആണ് പിടിയിലായത്.
ഗുണ്ടാവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്. ചാത്തന്നൂർ എ.സി.പി.യുടെ നിർദേശപ്രകാരം കൊട്ടിയം പോലീസ് പ്രതിയെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കണ്ണനല്ലൂരിലെ ഒരു തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയ കേസുൾപ്പെടെ നാലോളം ക്രിമിനൽ കേസുകൾ അജ്മലിനെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു. അക്രമക്കേസുകൾക്ക് പുറമെ മയക്കുമരുന്ന് കേസുകളിലും ഇയാൾ പ്രതിയാണ്.
വിവിധ കേസുകളിലായി അഞ്ച് തവണ അജ്മൽ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave A Comment