ഭൂമിയുടെ അയൽവാസിയെ കണ്ടെത്തി; അന്യഗ്രഹജീവനു സാധ്യത..?
ശാസ്ത്രലോകം നൂറ്റാണ്ടുകളായി ഉത്തരം തേടുന്ന ചോദ്യമാണ് – പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവനുണ്ടോ? ആ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകാവുന്ന കണ്ടെത്തലാണ് ഇപ്പോൾ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയിൽനിന്ന് വെറും 25 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ജി.ജെ. 3378ബി (GJ 3378b) എന്ന പുതിയ ഗ്രഹത്തെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയിലേക്ക് ജ്യോതിശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ഭൂമിയേക്കാൾ ഏകദേശം ഇരട്ടി വലിപ്പമുള്ള സൂപ്പർ-എർത്ത് (Super-Earth) വിഭാഗത്തിൽപ്പെടുന്ന ഗ്രഹമാണിത്. ഗവേഷണത്തിന് നേതൃത്വം നൽകിയ പോൾ റോബർട്ട്സൺ ഉൾപ്പെടെയുള്ള സംഘം ദി ആസ്ട്രോഫിസിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ ഗ്രഹത്തെ "ഭൂമിയുടെ അയൽവാസി" എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം ഒരു ലക്ഷം പ്രകാശവർഷം വീതിയുള്ള ക്ഷീരപഥവുമായി താരതമ്യം ചെയ്യുമ്പോൾ 25 പ്രകാശവർഷം എന്നത് പ്രപഞ്ചത്തിന്റെ അളവുകോലിൽ വളരെ അടുത്ത ദൂരമാണെന്നതാണ് ഇതിന് കാരണം.
ഗോൾഡിലോക്സ് സോണിലെ ഗ്രഹം
ജി.ജെ. 3378ബി ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തിന്റെ ഗോൾഡിലോക്സ് സോണിലോ (Habitable Zone) ജീവന് അനുയോജ്യമായ മേഖലയിലോ ആണ് സ്ഥിതിചെയ്യുന്നത്. നക്ഷത്രത്തോട് അതിയായി അടുത്തോ വളരെ അകലെയോ അല്ലാത്ത ഈ മേഖലയിലാണ് ജലം ദ്രാവകാവസ്ഥയിൽ നിലനിൽക്കാൻ സാധ്യത കൂടുതലുള്ളത്. ഭൂമിക്ക് സൂര്യനിൽ നിന്ന് ലഭിക്കുന്ന ഊർജത്തിന്റെ ഏകദേശം 90 ശതമാനം വികിരണമാണ് ഈ ഗ്രഹത്തിനും ലഭിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
ഏറ്റവും വലിയ ചോദ്യം – അന്തരീക്ഷമുണ്ടോ?
ഗ്രഹത്തിന്റെ സ്ഥാനം ജീവന് അനുകൂലമാണെങ്കിലും അതിന് സ്വന്തം അന്തരീക്ഷമുണ്ടോ എന്നതാണ് ഇപ്പോൾ ശാസ്ത്രലോകത്തിന്റെ പ്രധാന അന്വേഷണം. ജീവൻ നിലനിൽക്കാനും പ്രപഞ്ചത്തിലെ മാരകമായ വികിരണങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാനും അന്തരീക്ഷം അനിവാര്യമാണ്.
ഗവേഷകരുടെ ഭാഷയിൽ ജി.ജെ. 3378ബി സ്ഥിതിചെയ്യുന്നത് 'കോസ്മിക് ഷോർലൈൻ' എന്ന നിർണായക അതിർത്തിയിലാണ്. ഒരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിന് നക്ഷത്രത്തിൽ നിന്നുള്ള ശക്തമായ വികിരണങ്ങളെ പ്രതിരോധിച്ച് അന്തരീക്ഷം നിലനിർത്താൻ കഴിയുമോ എന്ന് നിർണയിക്കുന്ന മേഖലയാണിത്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് പോൾ റോബർട്ട്സൺ പറയുന്നത്, "ഭൂമിയെ ഒരു ആപ്പിളിന്റെ വലിപ്പത്തിലേക്ക് ചുരുക്കിയാൽ അതിന്റെ അന്തരീക്ഷത്തിന് ആപ്പിളിന്റെ തൊലിയുടെ കനം മാത്രമേ ഉണ്ടാകൂ. എന്നാൽ ആ നേർത്ത പാളിയാണ് ജലം ദ്രാവകാവസ്ഥയിൽ നിലനിർത്തുന്നതും ശ്വസിക്കാൻ വായു നൽകുന്നതും ബഹിരാകാശ വികിരണങ്ങളിൽ നിന്ന് ജീവനെ സംരക്ഷിക്കുന്നതും."
ചൊവ്വ നൽകുന്ന മുന്നറിയിപ്പ്
അന്തരീക്ഷം നഷ്ടപ്പെട്ടാൽ ഒരു ഗ്രഹത്തിന് എന്ത് സംഭവിക്കുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചൊവ്വയെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വയ്ക്കും സാന്ദ്രമായ അന്തരീക്ഷവും ജലവും ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാൽ സൗരക്കാറ്റുകൾ ക്രമേണ അന്തരീക്ഷം നഷ്ടമാക്കിയതോടെയാണ് ഇന്ന് കാണുന്ന വരണ്ട മരുഭൂമിയായി ചൊവ്വ മാറിയത്.
കൂടുതൽ നിരീക്ഷണങ്ങൾ നിർണായകം
ടെക്സാസിലെ മക്‌ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ ഹോബി-എബർലി ടെലിസ്കോപ്പിലുള്ള Habitable Zone Planet Finder ഉപകരണവും അരിസോണയിലെ WIYN ടെലിസ്കോപ്പിലെ NEID സ്പെക്ട്രോമീറ്ററും ഉപയോഗിച്ചാണ് ഈ ഗ്രഹം കണ്ടെത്തിയത്.
എന്നാൽ ജി.ജെ. 3378ബിക്ക് അന്തരീക്ഷമുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ ശക്തിയേറിയ ബഹിരാകാശ ദൂരദർശിനികളുടെ നിരീക്ഷണം ആവശ്യമാണ്. അന്തരീക്ഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനായാൽ, തുടർന്ന് ജീവന്റെ സൂചനകളായ ബയോസിഗ്നേച്ചറുകളും ജലത്തിന്റെ സാന്നിധ്യവും അന്വേഷിക്കുന്ന ഘട്ടത്തിലേക്ക് ഗവേഷണം കടക്കും.
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകനായ ഗോഗോഡ് ജെയിംസിന്റെ അഭിപ്രായത്തിൽ, ഈ അന്വേഷണം വിജയിച്ചാൽ മനുഷ്യൻ പ്രപഞ്ചത്തിൽ ഒറ്റയ്ക്കല്ലെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ആദ്യ വലിയ ചുവടുവയ്പ്പായേക്കാം ജി.ജെ. 3378ബി.
Leave A Comment