ക്രൈം

പൂജയുടെ മറവിൽ യുവതിക്ക് മയക്കുമരുന്ന് നൽകി പീഡനം; വ്യാജ സിദ്ധൻ പിടിയിൽ

കുമളി: വിഷ്ണുമായ പൂജയുടെയും ബാധയൊഴിപ്പിക്കലിന്റെയും മറവിൽ യുവതിക്ക് മാരക മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ വ്യാജ സിദ്ധനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുമളി രണ്ടാം മൈൽ അമരാവതി മുണ്ടക്കാതിൽ വീട്ടിൽ ടോമിയുടെ മകൻ പ്രിൻസ് അബ്രാഹാം (33) ആണ് പിടിയിലായത്. പറവൂരിലെ പൂജാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വീട്ടിൽ നിന്ന് ആലുവ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് യുവതി പ്രതി നടത്തിയിരുന്ന ചാവക്കാടുള്ള പൂജാ കേന്ദ്രത്തിലെത്തിയത്. ഇവിടെ പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ അറിവില്ലാതെ മദ്യത്തിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ (MDMA) കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചതായാണ് പരാതി.

തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പറവൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും പീഡനം തുടർന്നതായി പരാതിയിൽ പറയുന്നു.

പിന്നീട് ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ വിദേശ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വ്യാപകമായി പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

മാനസികമായി തകർന്ന യുവതി ആലുവ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Leave A Comment