കൊടുങ്ങല്ലൂർ സ്വദേശികളായ സ്ഥിരം മോഷ്ടാക്കൾ ബാറ്ററി മോഷണത്തിന് മുവാറ്റുപുഴയിൽ പിടിയിൽ

മുവാറ്റുപുഴ- കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട  എംസി റോഡിലെ സോളാർ വഴിവിളക്കുകളിലെ ബാറ്ററി മോഷണം നടത്തിയ എസ്എൻ പുരം  ശാന്തിപുരം   ഉല്ലക്കൽ വീട്ടിൽ സിദ്ധിക്ക്,  എസ്എൻ പുരം മുല്ലൻബസാർ  നെടിയപറമ്പിൽ  മുഹമ്മദ്‌ മുജിതബ ഷാജഹാൻ എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എംകെ സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

 പ്രതികൾ കൊടുങ്ങല്ലൂർ, മതിലകം പോലീസ് സ്റ്റേഷനിലെ വിവിധ വധശ്രമ, മോഷണ കേസിലെ പ്രതികൾ ആണ്. പ്രതികൾ ബാറ്ററി കടത്താൻ ഉപയോഗിച്ച ഹ്യുണ്ടായ് i20കാറും പതിനോളം  ബാറ്ററികളും പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊടുങ്ങല്ലൂർ നിന്നും രാത്രികാലങ്ങളിൽ ഹ്യൂമൻ റൈറ്റ്സ് ഫോർ  സോഷ്യൽ ജസ്റ്റിസ് എന്ന  പേര് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള  ഐഡി കാർഡ് തൂക്കിയിട്ട്,  കാറിൽ സഞ്ചരിച്ച്  പോലീസ് പരിശോധനയിൽ നിന്ന് രക്ഷപെട്ട്,   മോഷണം നടത്തിയതിന് ശേഷം രാത്രിയിൽ തന്നെ മടങ്ങിപോകുന്ന രീതി ആണ് പ്രതികൾ പിന്തുടരുന്നത്.

വിവിധ കേസുകളിൽ ശിക്ഷ കഴിഞ്ഞ പ്രതികൾ ആറു മാസം മുൻപ് ആണ് ജയിലിൽ നിന്ന് ഇറങ്ങിയത്. പ്രതികൾ കൂടുതൽ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ആഡംബരജീവിതത്തിനായാണ് മോഷണം എന്ന്  പ്രതികൾ പറഞ്ഞു.  

അന്വേഷണസംഘത്തിൽ എസ്ഐ വികെ ശശികുമാർ, എഎസ്ഐ ജയകുമാർ പിസി, സിപിഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.

Leave A Comment