മൈസൂരിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കൊള്ള; 4.5 കോടിയുടെ ആഭരണങ്ങൾ മോഷ്ടിച്ചു
ബംഗുളൂരു: മൈസൂരിൽ നഗരമധ്യത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. മോഷ്ടാക്കൾ 4.5 കോടി രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങൾ കൊള്ളയടിച്ചു.
അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൈസൂരു ഹുൻസൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്.
ഏപ്രിൽ 27നായിരുന്നു ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. ജീവനക്കാരെയും ആഭരണങ്ങൾ വാങ്ങാൻ വന്നവരെയും തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കൊള്ള.
രണ്ട് മോട്ടോർ ബൈക്കിൽ എത്തിയ സംഘം തോക്ക് ചൂണ്ടി ഷോറൂമിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഷോറൂമിലെ സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
അതേസമയം, ഷോറൂം മാനേജർ അസ്ഹറിന് നേരെ അക്രമികൾ വെടിവച്ചുവെങ്കിലും ഇയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Leave A Comment