ക്രൈം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു,ആള്‍ദൈവം അറസ്റ്റില്‍

വിശാഖപട്ടണം: സ്വയംപ്രഖ്യാപിത ആള്‍ദൈവമായ സ്വാമി പൂര്‍ണാനന്ദ സരസ്വതി അറസ്റ്റില്‍. 15 വയസ്സുകാരിയെ മാസങ്ങളോളം ആശ്രമത്തില്‍ തടവിലാക്കി പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി പൂര്‍ണാനന്ദ സരസ്വതിയെ പോലീസ് അറസ്റ്റ് ചെയ്തത്.മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ രണ്ടുവര്‍ഷം മുമ്പ് മുത്തശ്ശിയാണ് 15-കാരിയെ പൂര്‍ണാനന്ദയുടെ ജ്ഞാനാനന്ദ ആശ്രമത്തിലെ അനാഥാലയത്തില്‍ എത്തിച്ചത്. ആശ്രമത്തില്‍വെച്ച് പൂര്‍ണാനന്ദ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചിരുന്നതെന്നും നിരന്തരം മര്‍ദിച്ചിരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ദിവസങ്ങളോളം പട്ടിണിക്കിട്ട് പീഡിപ്പിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും 15-കാരിയുടെ മൊഴിയില്‍ പറയുന്നു.

ജൂണ്‍ 13-ാം തീയതി പെണ്‍കുട്ടിയെ കാണാതായതിന് ശേഷം ആശ്രമം അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടി വിജയവാഡയിലെത്തി പോലീസിനെ സമീപിച്ചത്. 

വിവാദ ആള്‍ദൈവം സ്വാമി പൂര്‍ണാനന്ദ ഇത് രണ്ടാംതവണയാണ് പീഡനക്കേസില്‍ അറസ്റ്റിലാകുന്നതെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2012 ഒക്ടോബറില്‍ പൂര്‍ണാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ കോടതിയില്‍ വിചാരണ തുടരുന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ മറ്റൊരുപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീണ്ടും പിടിയിലായത്.

അതിനിടെ, പൂര്‍ണാനന്ദയുടെ ആശ്രമത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാലുപെണ്‍കുട്ടികളടക്കം 12 കുട്ടികളെ ഇവിടെ താമസിപ്പിച്ചതായി കണ്ടെത്തി. ഇത്തരത്തില്‍ അനാഥാലയം നടത്താനുള്ള അനുമതിയൊന്നും ആശ്രമത്തിനില്ലെന്നും അനധികൃതമായാണ് കുട്ടികളെ പാര്‍പ്പിച്ചിരുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ പീഡനത്തിനിരയായോ എന്നത് അന്വേഷിച്ചുവരികയാണെന്നും കുട്ടികളില്‍നിന്ന് മൊഴിയെടുക്കുമെന്നും പോലീസും അറിയിച്ചു.

Leave A Comment