ജില്ലാ വാർത്ത

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റിൽ

ആലുവ: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കിനെ (18) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 

പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ കൂടെ കൊണ്ടുപോയെന്നാണ് മൊഴി. ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാതായത്.

പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും അമ്പതോളം സി സി ടി വി കളും പരിശോധിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. 

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലിയിലെ ഒരു വീട്ടിലുണ്ടെന്ന് മനസിലായി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ തെരച്ചിലിൽ അങ്കമാലി ഭാഗത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. 

ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം എം മഞ്ജുദാസ്, എസ് ഐ കെ നന്ദകുമാർ സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ എം മനോജ്, ടി ബി സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave A Comment