കേരളം

എസ്എൻഡിപി നേതൃയോഗം നാളെ; നിർണായക പ്രഖ്യാപനത്തിനു സാധ്യത

ആലപ്പുഴ: എൻഎസ്എസുമായുള്ള ഐക്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നാളെ എസ്എൻഡിപി നേതൃയോഗം ചേരും. ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നീക്കം സജീവമാക്കിയിരിക്കുകയാണ്.

വെള്ളാപ്പള്ളിയും സുകുമാരൻനായരും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ കടുപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനങ്ങൾ യോഗത്തിനു ശേഷം ഉണ്ടാകുമോയെന്ന ആകാംക്ഷ രാഷ്‌ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.

എൻഎസ്എസ് രാഷ്‌ട്രീയകാര്യത്തിൽ സമദൂരമെന്നാണ് പ്രഖ്യാപിതനയമെങ്കിലും പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്‍റായ ബിഡിജെഎസ് ആണെങ്കിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്

നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം വേണമെന്നു പറയുന്ന എസ്എൻഡിപിയോഗം എസ്എസ്എസുമായി ഐക്യത്തിനു തയാറെടുക്കുകയാണെങ്കിലും സംവരണം, ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ ഇരുസംഘടനകൾക്കും വ്യത്യസ്തമായ നിലപാടാണുള്ളത്.

ഇതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താത്കാലിക സൗഹൃദമാണോയെന്ന ചർച്ചയും രാഷ്‌ട്രീയ വൃത്തങ്ങളിൽ സജീവമാണ്. നാളത്തെ എസ്എൻഡിപിയോഗത്തിന്‍റെ പ്രഖ്യാപനത്തിലേക്കാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Leave A Comment