സംരക്ഷണ ഭിത്തിയിൽ അറ്റകുറ്റപ്പണികൾ തുടങ്ങി
വഴുക്കുംപാറ: കുതിരാനു സമീപം വഴുക്കുംപാറ മേൽപ്പാതയുടെ വിള്ളൽ ഉണ്ടായ സംരക്ഷണ ഭിത്തിയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. മേൽപ്പാതയുടെ കരിങ്കല്ല് പാകിയ സംരക്ഷണ ഭിത്തിയിലാണു കഴിഞ്ഞമാസം വിള്ളൽ രൂപപ്പെട്ടത്.
ഈ ഭാഗത്തെ കല്ലുകൾ നീക്കി പകരം പുതിയ കരിങ്കൽ ഭിത്തി നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. തൃശൂർ ഭാഗത്തേയ്ക്കുള്ള പ്രധാന പാതയുടെ മധ്യത്തിലും ഒരു മീറ്റർ നീളത്തിൽ വിള്ളൽ വീണിരുന്നു.
സംരക്ഷണഭിത്തി നിർമിക്കുന്ന സമയത്ത് റോഡിന്റെ വശങ്ങളിൽ കരിങ്കല്ല് ഇട്ട് അതിനു മുകളിൽ കോൺക്രീറ്റ് മിശ്രിതം കലക്കി ഒഴിച്ചിരുന്നു. മഴ പെയ്തപ്പോൾ കല്ലിനടിയിൽ നിന്നുള്ള മണ്ണ് ഒലിച്ചു പോവുകയും കോൺക്രീറ്റ് ചെയ്ത ഭാഗത്തു വിള്ളൽ ഉണ്ടാവുകയും ചെയ്തു. ഇതു സമീപത്തെ വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും അപകട ഭീഷണിയായി. ആവശ്യമായ ചെരിവ് ഇല്ലാതെ നിർമിച്ചതുകൊണ്ടാണു കൽക്കെട്ടിനു വിള്ളൽ ഉണ്ടായതെന്നു കണ്ടെത്തിയിരുന്നു.
മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ടതിനെ തുടർന്ന് കളക്ടർ ഹരിത വി. കുമാർ, ദേശീയപാത പ്രൊജക്ട് ഡയറക്ടർ ബിപിൻ മധു എന്നിവർ സ്ഥലത്തെത്തി. സംരക്ഷണ ഭിത്തി പുനർനിർമിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. പിന്നീട് കൊടുങ്ങല്ലൂരിൽ നടന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ഇപ്പോൾ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുള്ളത്.
Leave A Comment