കുടിവെള്ളം: ആലുവ പമ്പ് ഹൗസിലെ മോട്ടോറുകൾ നന്നാക്കുന്നത് വൈകും
കൊച്ചി: ആലുവ പമ്പ് ഹൗസിലെ കേടായ മോട്ടറുകള്‍ നന്നാക്കാന്‍ കാലതാമസം വരുന്നതിനാൽ കൊച്ചിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വൈകും. കേടായ രണ്ട് പമ്പുകളില്‍ ഒരെണ്ണത്തിന്റെ അറ്റകുറ്റപ്പണികള്‍ 26 ഓടെ പൂര്‍ത്തിയാകുകയുള്ളു. അതിനു ശേഷമേ ഭാഗികമായെങ്കിലും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകുകയുള്ളെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ആലുവയിലെ പമ്പ് ഹൗസില്‍ വെള്ളം ടാങ്കിലേക്കു എത്തിക്കുന്ന മൂന്നു പമ്പ് സെറ്റുകളില്‍ രണ്ടെണ്ണമാണ് കേടായത്. ഇതേത്തുടര്‍ന്ന് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തില്‍ 70 ശതമാനത്തോളം കുറവുണ്ടായി. തുടര്‍ന്നാണ് നഗരമേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കടുത്ത കുടിവെള്ളക്ഷാമം നേരിട്ടത്. പ്രശ്നത്തില്‍ അടിയന്തര പരിഹാരത്തിനായി ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പമ്പ് സെറ്റുകളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിലെ കാലതാമസം ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു.
ഒരു മോട്ടോര്‍ അഴിച്ചെടുക്കാന്‍ മാത്രം രണ്ടു ദിവസത്തോളം വേണമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. തുടര്‍ന്ന് കേടുപാട് സംഭവിച്ച ഭാഗം അഴിച്ചുമാറ്റി കോയമ്പത്തൂര്‍ എത്തിച്ച് വേണം കേടുപാട് പരിഹരിക്കാന്‍. ഇതിനു ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും വേണം. പിന്നീട് മോട്ടോര്‍ പൂര്‍വസ്ഥിതിയിലാക്കാനും രണ്ടു ദിവസമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു.
26 ഓടെ കേടുപാട് സംഭവിച്ച ഒരു മോട്ടോര്‍ പ്രവര്ത്തനക്ഷമമാക്കാനാകുമെന്നും ഇവര്‍ പറഞ്ഞു. രണ്ടാമത്തെ മോട്ടോറിന്റെ കേടുപാടുകള്‍ മാര്‍ച്ച് എട്ടോടെയേ പരിഹരിക്കപ്പെടുകയുള്ളു.
Leave A Comment