ജില്ലാ വാർത്ത

കൊച്ചി കാൻസർ റിസർച്ച് സെന്റർ നവംബറിൽ

കളമശ്ശേരി : കൊച്ചി കാൻസർ റിസർച്ച് സെന്റർ നവംബറിലും എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒക്‌ടോബറിലും പൂർത്തിയാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

കാൻസർ സെന്ററിന്റെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമാണ സൈറ്റുകൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

ഉപകരണങ്ങൾ ഉൾപ്പെടെ കാൻസർ റിസർച്ച് സെന്ററിനായി 449 കോടി രൂപയാണ് നിലവിൽ ചെലവു വരുന്നത്. ആദ്യഘട്ടത്തിൽ 100 കിടക്കകളാകും ഉണ്ടാകുക. ഇറക്കുമതി ചെയ്യേണ്ടത് ഉൾപ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങൾ വേണ്ടിവരും. ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രത്യേക അനുമതികൾ ഉൾപ്പെടെ സർക്കാർതല തീരുമാനങ്ങൾക്കായി ആരോഗ്യ മന്ത്രിയും താനും ബന്ധപ്പെട്ട സെക്രട്ടറിമാരും കിഫ്ബിയുമായി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ കെട്ടിടത്തിലാണ് കാൻസർ സെന്റർ പ്രവർത്തിക്കുന്നത്.

എറണാകുളം ഗവ. മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 368 കോടി രൂപ ചെലവിൽ എട്ട് നിലയിൽ 8.27 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സജ്ജമാകുന്നത്. സിവിൽ ജോലികൾ 85 ശതമാനം പൂർത്തിയായി.

രണ്ടു പദ്ധതികൾക്കുമായി കെ.എസ്.ഇ.ബി.യുടെ ഒരു സബ് സ്റ്റേഷൻ സ്ഥാപിക്കും. പ്രത്യേക വാട്ടർ ലൈനും പദ്ധതികളുടെ ഭാഗമായി വരും.

നുവാൽസ് മുതൽ കിൻഫ്ര വരെയുള്ള 250 മീറ്റർ റോഡ് നാലു വരിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒന്നിടവിട്ട ശനിയാഴ്ചകളിൽ യോഗം ചേരും. എല്ലാ മാസവും സർക്കാർതലത്തിലും യോഗം ചേരും. ഇരു പദ്ധതികളുടെയും സ്റ്റാഫ് പാറ്റേൺ അംഗീകരിച്ച് നിയമനങ്ങൾ നടത്തേണ്ടതുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് മന്ത്രിതല പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഇൻകൽ എം.ഡി. ഡോ. ഇളങ്കോവൻ, കൊച്ചി കാൻസർ റിസർച്ച് സെന്റർ സ്പെഷ്യൽ ഓഫീസർ ഡോ. ബാലഗോപാൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ, സുപ്രണ്ട് ഡോ. ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment