ലഹരിക്കെതിരെ യുവജന കമ്മിഷൻ ജാഗ്രതാ സമിതികൾ രൂപീകരിക്കും : ചിന്ത ജെറോം
എറണാകുളം :യുവതലമുറക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം. ഒക്ടോബർ മാസം മുതൽ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ ലഹരി വിമുക്ത പ്രവർത്തങ്ങൾ വ്യാപകമായി സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജാഗ്രത സമിതികൾ രൂപീകരിക്കും. ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്നും ഡോ. ചിന്താ ജെറോം പറഞ്ഞു.
കലാലയങ്ങൾ കേന്ദ്രീകരിച്ചും ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടപ്പാക്കും. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുമായി സഹകരിച്ചു വിവിധ പരിപാടികൾ ആവിഷ്കരിക്കാനും യുവ ജന കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല യുവജന അദാലത്തിൽ 16 പരാതികൾ ആണ് പരിഗണിച്ചത്. ഇതിൽ 10 പരാതികൾ തീർപ്പാക്കി. ആറെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു.
വ്യക്തികൾ തമ്മിലുള്ള പരാതികൾ ആണ് കൂടുതലായി പരിഗണിച്ചത്. വാടകയുമായി ബന്ധപ്പെട്ട പരാതികൾ, മണൽ കടത്ത് കേസുമായി ബന്ധപ്പെട്ട് കരമടക്കുന്നതിൽ നേരിട്ട പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ അദാലത്തിൽ ചർച്ച ചെയ്തു.
യുവ ജന കമ്മീഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ്, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി. ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ അദാലത്തിൽ പങ്കെടുത്തു.
Leave A Comment