ജില്ലാ വാർത്ത

സമ്പുഷ്ട കേരളം - പോഷൺ അഭിയാൻ മാസാചരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കം

തൃശൂർ : സ്ത്രീകളുടെയും കുട്ടികളുടെയും വളർച്ചാ മുരടിപ്പ് തടയുക, പോഷണ നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ  ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതി സമ്പുഷ്ട കേരളം - പോഷൺ അഭിയാൻ മാസാചരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കം. വനിതാ-ശിശു  വികസന വകുപ്പിന് കീഴിൽ വരുന്ന 3016 അങ്കണവാടികൾ വഴി പോഷകഗുണമുള്ള ഭക്ഷണം സംബന്ധിച്ച് അവബോധം ഉണ്ടാക്കുകയാണ് മാസാചരണ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്. സെപ്റ്റംബർ 30വരെ പരിപാടികളുണ്ടാകും. 


പോഷൺ അഭിയാൻ മാസാചരണ പരിപാടി പോഷൺ മാ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. അങ്കണവാടികൾ നാടിന്റെ വികസനത്തിന്റെ സൂചകങ്ങളായി മാറുന്ന കാലമാണിതെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. കുട്ടികൾക്ക് പോഷകാംശമുള്ള ഭക്ഷണം നൽകുക എന്നത് സർക്കാരിന്റെയും സമൂഹത്തിന്റെ കടമയാണ്. ആ ചിന്തയ്ക്ക് കൂടുതൽ ബലം പകരുകയാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


നാഷ്ണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായ പോഷൺ അഭിയാൻ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത് സമ്പുഷ്ട കേരളം എന്ന പേരിലാണ്. ഗർഭിണികൾ, മുലയൂട്ടന്ന അമ്മമാർ, 6 വയസ് വരെയുള്ള കുട്ടികൾ,  കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള ഐസിഡിഎസ് ഓഫീസ് വഴിയും അങ്കണവാടികൾ വഴിയുമാണ് സേവനങ്ങൾ ഗുണഭോക്താക്കളിൽ എത്തുന്നത്. 


പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ജില്ലാ ഐസിഡിഎസ് ഓഫീസിലും തൃശൂരിലെ 16 ബ്ലോക്കുകളിലും കരാർ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഗുണഭോക്താക്കളുടെ ഉയരവും തൂക്കവും അളക്കുന്നതിനായി നാലുതരം ഉപകരണങ്ങൾ അങ്കണവാടികളിൽ വിതരണം ചെയ്തിട്ടുണ്ട്.


അമ്മമാരിലും കുട്ടികളിലും കൗമാരക്കാരായ കുട്ടികളിലും വിളർച്ച കണ്ടെത്തുന്നതിനും പോഷകാഹാരങ്ങൾ നിർദേശിക്കുന്നതിനുമായി ഓരോ ബ്ലോക്കിലും ന്യൂട്രീഷൻ ക്ലിനിക്കുകൾ പ്രവർത്തിക്കുണ്ട്. ഓരോ ക്ലിനിക്കിലും പോഷകാഹാര വിദഗ്ദരെ കരാർ അടിസ്ഥാനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്.


പോഷണത്തിന്റെ ആവശ്യകതയും അവ എങ്ങനെ ഗുണഭോക്താക്കളിൽ എത്തിക്കുന്നു എന്നതിനുവേണ്ടി പ്രോഗ്രാം ഓഫീസർമാർക്കും സിഡിപിഒമാർക്കും ക്ലാസുകൾ നൽകിയിട്ടുണ്ട്.


ജില്ലയിലെ കുട്ടികളുടെയും സ്ത്രീകളുടെയും പോഷണ നിലവാരം സംബന്ധിച്ച റിപ്പോർട്ട് ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ കെ കെ അംബിക അവതരിപ്പിച്ചു. ശിശു വികസന പദ്ധതി ഓഫീസർ ശ്രീവിദ്യ എസ് മാരാർ പോഷൺ അഭിയാൻ പദ്ധതി സംബന്ധിച്ച് സെമിനാർ നയിച്ചു. പദ്ധതി ജില്ലയിൽ എങ്ങനെ വിപുലമായി സംഘടിപ്പിക്കാം എന്നതിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചർച്ച നടന്നു. 


തൃശൂർ എലൈറ്റ് ഇന്റർനാഷണലിൽ നടന്ന പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര അധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു ആർ രാഹുൽ, നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ. നൗഷാദ്, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ നിർമ്മൽ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ജി മഞ്ജു, വകുപ്പ് തല ഉദ്യോഗസ്ഥർ, ഐസിഡിഎസ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Leave A Comment