മെഡിക്കൽ കോളജ് എച്ച്ഡിഎസ് ജീവനക്കാരെ ചുവപ്പണിയിക്കാൻ നീക്കം
മുളങ്കുന്നത്തുകാവ്: ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരെ ചുവപ്പണിയിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.
വികസന സൊസൈറ്റി ജീവനക്കാർക്കു (എച്ച്ഡിഎസ്) ചുവപ്പ് യൂണിഫോം നല്‍കാനാണു നീക്കം. യൂണിഫോം തൈപ്പിച്ചു നൽകാൻ സ്വകാര്യവ്യക്തികളിൽ നിന്നു ടെൻഡർ വിളിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഇതോടെ ജീവനക്കാർ പ്രതിഷേധമുയർത്തുകയായിരുന്നു.
ചുവപ്പ് യൂണിഫോം നല്കാൻ സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. ചുവപ്പിന് ടെൻഡർ വിളിക്കാൻ ആശുപത്രി വികസന സൊസൈറ്റിയുടെ അംഗീകാരവുമില്ല. ഇക്കാര്യം കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ചർച്ചയ്ക്ക് വന്നിട്ടില്ലെന്നും പറയുന്നു. ചെയർമാന്റെ സമ്മതമില്ലെന്നും സൂപ്രണ്ട് ഇൻചാർജ് ഡോ. നിഷ എം. ദാസ് തന്നിഷ്ടപ്രകാരം നടപ്പാക്കുന്ന പരിഷ്കാരങ്ങളാണിതെന്നുമാണു ആരോപണം.
ജീവനക്കാർക്ക് ഐഡി കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള എച്ച്ഡിഎസ് യോഗ തീരുമാനത്തിനു വിരുദ്ധമായ നടപടിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. എച്ച്ഡിഎസ് കൗണ്ടർ ജീവനക്കാർക്ക് 179 ദിവസം കാലാവധിയുള്ള ഐഡി കാർഡ് നൽകുന്നതിനെതിരെയാണു ശബ്ദമുയരുന്നത്. ഇതിൽ പലരും വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. ഇവർക്കാണു 179 ദിവസത്തെ കാലാവധിയുള്ള ഐഡി കാർഡ് നല്കാൻ ശ്രമം നടക്കുന്നത്.
മെഡിസെപ്പ്, ആർഎസ്ബിവൈ ജീവനക്കാർക്കു നൽകുന്ന ഐഡി കാർഡിൽ ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സൂപ്രണ്ട് ഇൻചാർജാണ് ഇതിനു പിന്നിലെന്നും പറയുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ട് നടപടികൾ നിർത്തിവയ്ക്കണമെന്ന് എച്ച്ഡിഎസ് അംഗങ്ങൾ പരാതി നല്കി.
Leave A Comment