അഴിമതിയിൽ ജില്ലയിലെ മന്ത്രിമാരുടെയും എംഎൽഎയുടെയും മൗനം ദുരൂഹം: കോൺഗ്രസ്
തൃശൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ എച്ച്ഡിഎസ് ഫണ്ട് തട്ടിപ്പിൽ ജില്ലയിലെ മൂന്നു മന്ത്രിമാരും സ്ഥലം എംഎൽഎയും മൗനികളായിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്ത് ആരോപിച്ചു.
ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ അഴിമതി സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. കൂടുതൽ അന്വേഷണത്തിനും ഉത്തരവാദപ്പെട്ട ഇദ്യോഗസ്ഥർക്കെതിരെ നടപടിക്കും കളക്ടർ ശുപാർശ ചെയ്തിട്ടും ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
മെഡിക്കൽ കോളജിനെ തകർക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് രാജേന്ദ്രൻ അരങ്ങത്ത് കുറ്റപ്പെടുത്തി. ഒരു വർഷത്തെ കണക്ക് പരിശോധിച്ചതിൽ 10,17,483 രൂപയുടെ വെട്ടിപ്പ് നടത്തിയവർ ഇപ്പോഴും അധികാരസ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാനാവില്ല.
പാർട്ടിയുടെയും മന്ത്രിമാരുടെയും എംഎൽഎയുടെയും സംരക്ഷണം അവസാനിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കാനും തുടരന്വേഷണത്തിനും ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് രാജേന്ദ്രൻ അരങ്ങത് ആവശ്യപ്പെട്ടു.
Leave A Comment