അഷ്ടമിരോഹിണി നാളെ; ഗുരുവായൂർ വൃന്ദാവനമാകും
ഗുരുവായൂര്‍: ക്ഷേത്ര സന്നിധി വൃന്ദാവനമാകുന്ന ഉണ്ണികണ്ണന്റെ പിറന്നാൾ സുദിനമായ അഷ്ടമി രോഹിണി ആഘോഷം ബുധനാഴ്ചയാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലേയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാവും.
രാവിലെ കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്റെ മേളവും ഉച്ചതിരിഞ്ഞ് കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ പഞ്ചവാദ്യവും അകമ്പടിയാവും. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യം അകമ്പടിയാവും.ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിഭവസമൃദ്ധമായ പിറന്നാള്‍ സദ്യയും നല്‍കും.
രാവിലെ ഒൻപതുമുതൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ അന്നലക്ഷമി ഹാളിലും പ്രത്യേകം തയാറാക്കിയ പന്തലിലുമായാണ് സദ്യ നൽകുക. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പ്രഭാഷണം ഉണ്ടാവും തുടർന്ന് വിവാധ കലാപരിപാടികളാണ്. രാത്രി 7.30 ന് എം.ജി. ശ്രീകുമാറിന്റെ ഭക്തി ഗാനമേള "ശ്രീരാഗ സന്ധ്യ" അരങ്ങേറും. രാത്രി കൃഷ്ണനാട്ടത്തിലെ തെരഞ്ഞെടുത്ത രംഗങ്ങൾ അവതരിപ്പിക്കും.
അഷ്ടമി രോഹിണി ദിവസത്തെ പ്രധാന വഴിപാടായ അപ്പം 41,000 ത്തോളം എണ്ണം തയ്യാറാക്കി അത്തഴ പൂജയ്ക്ക്നേദിക്കും. ലക്ഷക്കണക്കിന് രൂപയുടെ പാൽ പായസം ഉച്ചക്ക് പൂജ നിവേദ്യത്തിനും തയാറാക്കും. അഞ്ചിന് സാംസ്കാരിക സമ്മേളനത്തില്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രകലാ പുരസ്കാരം മന്ത്രി പി. രാജീവ് സമ്മാനിക്കും.
ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ട് വരെ വിഐപി ദര്‍ശനം അനുവദിക്കില്ല. വിവിധ സംഘടനകളുടെ അഷ്ടമി രോഹിണി ആഘോഷവും ഗുരുവായൂരിനെ വർണാഭമാക്കും.
Leave A Comment