ഇന്ന് ഹാജരാകണം, സിപിഎം ജില്ലാ സെക്രട്ടറിയോട് ഇഡി; നവകേരള സദസുണ്ടെന്ന് മറുപടി
കൊച്ചി : കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിർദ്ദേശം. ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് നൽകി വിളിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കണ്ടതിനാൽ ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വർഗീസ് അന്വഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി നിലപാട്.
കരുവന്നൂർ ബാങ്കിൽ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇതുവഴി വൻ തുകയുടെ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂരിലെ ബെനാമി വായ്പ അനുവദിച്ചതിലുള്ള കമ്മീഷൻ തുകയാണിതെന്നാണ് ഇഡി വാദം. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും വേണമെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയോട് വിവരം തിരക്കുവെന്നുമായിരുന്നു മറുപടി.
കരുവന്നൂരിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ആരോപണം. ജില്ലാ നേതൃത്വം നേരിട്ട് കൈകാര്യം ചെയ്ത അക്കൗണ്ടുകൾ കരുവന്നൂരിൽ ഉണ്ടെന്നും ബെനാമി ലോൺ അനുവദിച്ചതിനുള്ള കമ്മീഷൻ ഈ അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി പറയുന്നത്.

Leave A Comment