ജില്ലാ വാർത്ത

ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: വളാഞ്ചേരിയില്‍ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ സി.ഐ ക്കും എസ്ഐക്കും സസ്പെന്‍ഷന്‍. വളാഞ്ചേരി സി.ഐ സുനില്‍ദാസ് .എസ്.ഐ ബിന്ദുലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. അതേസമയം ഒളിവിലുള്ള സുനില്‍ദാസിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വളാഞ്ചേരിയിലെ പാറമടയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന സ്ഫോടക വസ്തു പിടിച്ചെടുത്ത കേസില്‍ ക്വാറി ഉടമകളെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വളാഞ്ചേരി സി സുനില്‍ദാസും എസ്.ഐ ബിന്ദുലാലും കൂട്ടാളി അസൈനാരും ചേര്‍ന്ന് പണം തട്ടിയത്.

സംഭവത്തില്‍ കേസ് എടുത്തതിന് പിന്നാലെയാണ് സുനില്‍ദാസിനെയും ബിന്ദുലാലിനെയും സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖല ഐജിയുടേതാണ് നടപടി. കേസില്‍ എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരന്‍ അസൈനാരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സി.ഐ സുനില്‍ ദാസ് ഒളിവില്‍ തുടരുകായാണ്.ഈയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി ടി മനോജ് അന്വേഷണം നടത്തി സമര്‍പ്പിച്ച പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സ്ഥലംമാറ്റങ്ങളുടെ ഭാഗമായാണ് എസ്.ഐയും സി.ഐയും വളാഞ്ചേരിയില്‍ ചുമതലകളിലെത്തിയത്.

Leave A Comment