ജില്ലാ വാർത്ത

അമ്മയും 2 പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി ചേരിയില്‍വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. ട്രെയിൻ എത്തിയപ്പോൾ മക്കളെയും ചേർത്തുപിടിച്ച് ഷൈനി ട്രാക്കിൽ കയറിനിൽക്കുകയായിരുന്നെന്നു ലോക്കോ പൈലറ്റ് മൊഴി നൽകിയിരുന്നു.

കുടുംബപ്രശ്നങ്ങളാണു ഷൈനി, മക്കളുമായി ജീവനൊടുക്കാനുള്ള കാരണമെന്നാണ് ഏറ്റുമാനൂർ പൊലീസിന്റെ നിഗമനം. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന ഷൈനി കോടതിയെയും സമീപിച്ചിരുന്നു. ഇവരുടെ മൂത്തമകൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഷൈനി 2 മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ജോലി ഇല്ലാതിരുന്നത്, നഴ്സിങ്  യോഗ്യതയുള്ള ഷൈനിയെ അലട്ടിയിരുന്നതായി അയൽവാസികൾ പറയുന്നു.

പള്ളിയിൽ പോകുകയാണെന്നു പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽനിന്നിറങ്ങിയത്. വീടിനു 300 മീറ്റർ മാത്രം അകലെയാണു പാറോലിക്കൽ റെയിൽവേ ഗേറ്റ്. മരിച്ച അലീനയും ഇവാനയും യഥാക്രമം 6, 5 ക്ലാസ് വിദ്യാർഥികളാണ്.

Leave A Comment