ജില്ലാ വാർത്ത

നായ ആക്രമിക്കാന്‍ വന്നപ്പോള്‍ ചെറുമകള്‍ കുളത്തില്‍ വീണു; രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങിമരിച്ചു

പാലക്കാട്: വണ്ടിത്താവളത്ത് നായ ആക്രമിക്കാന്‍ വരുന്നതിനിടെ കുളത്തില്‍ വീണ ചെറുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. നായ ആക്രമിക്കാന്‍ വരുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തില്‍ വീണത്. വണ്ടിത്താവളം വടതോട് നബീസയാണ് (55) മരിച്ചത്.ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. 

ആടിനെ മേയ്ക്കാന്‍ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോള്‍ പേരക്കുട്ടി ഷിഫാനയുടെ നേര്‍ക്ക് പാഞ്ഞെടുത്ത നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.കുട്ടിയെ രക്ഷപ്പെടുത്താന്‍ തിടുക്കപ്പെട്ടിറങ്ങിയ നബീസ കുളത്തില്‍ അകപ്പെടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. നബീസയെ കുളത്തില്‍ നിന്നും പുറത്തെടുത്ത് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊച്ചുമകള്‍ ഷിഫാന ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.


Leave A Comment