ജില്ലാ വാർത്ത

മഞ്ഞപ്പിത്തം വന്നു മരിച്ച യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; മാള പോലീസ് കേസെടുത്തു

മാള: ചികിത്സയിൽ ആയിരിക്കെ മഞ്ഞപ്പിത്തം വന്നു മരിച്ച യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വീട്ടുകാർ. ഏപ്രിൽ എട്ടാം തീയതിയാണ് കല്ലൂർ സ്വദേശിയായ അമ്പാടൻ വീട്ടിൽ രഞ്ജിത്തിനെ മാളയിലേ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് അസുഖം കൂടിയതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രഞ്ജിത്തിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. 

പരിശോധനയിൽ രഞ്ജിത്തിന്റെ രണ്ട് കിഡ്നിയും പ്രവർത്തിക്കുന്നില്ല എന്നു കണ്ടെത്തുകയും ഡയാലിസിസ് നടത്തുകയും ചെയ്തിരുന്നു. ആശുപത്രിയിൽ വച്ച് താൻ എറണാകുളത്തെ ജോലി ചെയ്തിരുന്ന ഓഫീസിൽ നിന്നും ചായ കുടിച്ചെന്നും അതിനുശേഷം ആണ് തനിക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് തുടങ്ങിയെന്നും രഞ്ജിത്ത് അമ്മയോട് പറഞ്ഞിരുന്നു. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ നിന്നും ജോലി രാജിവെച്ച് സിവിൽ സപ്ലൈസിൽ ജോലിക്ക് പ്രവേശിക്കാൻ ഇരിക്കയായിരുന്നു രഞ്ജിത്തിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങിയത്. 

ലഹരികൾ ഉപയോഗിക്കാത്ത ആളാണ് രഞ്ജിത്ത് എന്ന് അമ്മയും പെങ്ങളും പറയുന്നു. രഞ്ജിത്തിന്റെ മരണത്തിൽ വീട്ടുകാർക്ക് സംശയമുണ്ടെന്ന് അറിഞ്ഞ തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറെ വിവരം അറിയിക്കുകയും തുടർന്ന് അദ്ദേഹ പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു. 

 മാള പോലീസ് രഞ്ജിത്തിന്റെ വീട്ടിലെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകും. പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മാത്രമേ എന്തെങ്കിലും വിവരം അറിയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Leave A Comment