ജില്ലാ വാർത്ത

പടിയൂർ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട: പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥിലുള്ള വിശ്രമ കേന്ദ്രത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചത് പ്രേംകുമാർ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കേസ് കൈകാര്യം ചെയ്യുന്ന അന്വേഷണസംഘം ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ടു.

ജൂൺ 4നാണ് പടിയൂർ പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി കൈതവളപ്പിൽ പരമേശ്വരൻ ഭാര്യ മണി (74), 
മകൾ രേഖ (43) എന്നിവർ കൊല്ലപ്പെട്ടത്.

തുടരന്വേഷണത്തിൽ നിന്ന് പ്രതിയും രേഖയുടെ ഭർത്താവുമായ പ്രേംകുമാർ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് തെളിഞ്ഞു.

വിദ്യ കൊലക്കേസിലെ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് ജാമ്യത്തിലിറങ്ങി രേഖയെ വിവാഹം കഴിക്കുന്നത്.

രേഖയേയും അമ്മ മണിയെയും ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ട 
പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് 
മൂന്ന് ഭാഷകളിലായി ലുക്കൗട്ട് നോട്ടീസ് 
പുറത്തിറക്കിയിരുന്നു.

ഇതിനിടെയാണ് ഇപ്പോൾ ഉത്തരാഖണ്ഡിൽ നിന്നും ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അറിയിപ്പ് വരുന്നത്.

അന്വേഷണസംഘം ഉത്തരാഖണ്ഡിലെത്തി പ്രേംകുമാർ തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

Leave A Comment