തൃശൂരിലെ വീട്ടിൽനിന്ന് 18 മലമ്പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തി
തൃശൂർ: പൂങ്കുന്നത്തെ ജനവാസമേഖലയിൽ ഒരു വീടിനുള്ളിൽനിന്നും വാഹനങ്ങളിൽനിന്നുമായി 18 മലമ്പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയതു നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. പൂങ്കുന്നം എംജി നഗർ കൃഷ്ണനിലയം കാർത്തിക്കിന്‍റെ വീട്ടിൽനിന്നാണ് ഇന്നും ബുധനാഴ്ചയുമായി പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കഴിഞ്ഞദിവസം തറയിൽനിന്ന് ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുവരുന്നതു വീട്ടുകാർ കണ്ടിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് ഇത്രയും പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ബൈക്കിന്‍റെ സീറ്റിനടിയിൽനിന്ന് നാലും സ്കൂട്ടറിൽനിന്ന് രണ്ടും കുഞ്ഞുങ്ങളെ കണ്ടെത്തി. ഇരുവാഹനങ്ങളുടെയും സീറ്റുകൾ പൂർണമായി അഴിച്ചെടുത്താണ് വനംവകുപ്പ് സ്നേക് റെസ്ക്യൂവർമാർ പാന്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. വീടിനോടുചേർന്ന തോട്ടിൽനിന്നാണ് ഇവ എത്തിയിട്ടുണ്ടാകുകയെന്ന നിഗമനത്തിലാണ് കുടുംബം.
വീടിന്‍റെ തറപൊളിച്ചും പരിശോധന നടത്തി. വീടിനകത്തേക്കും പാമ്പിൻകുഞ്ഞുങ്ങൾ കയറിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ കുടുംബം. തറയ്ക്കടിയിലെ മണ്ണ് ഇടിഞ്ഞ് വലിയൊരു വഴി രൂപപ്പെട്ടതാണ് ആശങ്ക ഇരട്ടിയാക്കുന്നത്.
വീട്ടിൽ കാർത്തിക്കിന്‍റെ പ്രായമായ മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്.
Leave A Comment