ജില്ലാ വാർത്ത

തൃശ്ശൂർ KSRTC ബസ് സ്റ്റാൻഡ് നവീകരണം വൈകുന്നു; നിയമസഭയിൽ ചർച്ച

തൃശ്ശൂർ: തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും നവീകരണ പദ്ധതിയിലെ അനിശ്ചിതത്വവും നിയമസഭയിൽ ചർച്ചയായി. എം.എൽ.എ രാജൻ ജെ. പല്ലൻ വിഷയമുയർത്തി, പദ്ധതിയുടെ പുരോഗതിയില്ലായ്മയും യാത്രക്കാരുടെ ദുരിതാവസ്ഥയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.

എം.എൽ.എയുടെ സബ്മിഷനിൽ പറഞ്ഞത് പ്രകാരം, 2025 സെപ്റ്റംബർ 19-ന് പഴയ കെ.എസ്.ആർ.ടി.സി കെട്ടിടം പൊളിച്ചുനീക്കുകയും 2026 മാർച്ച് 6-ന് പുതിയ കെട്ടിടത്തിനായി തറക്കല്ലിടുകയും ചെയ്തു. എന്നാൽ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോയിട്ടില്ല. സാങ്കേതിക അനുമതി (A/S), ടെക്നിക്കൽ സാങ്ക്ഷൻ (T.S) എന്നിവ ലഭിക്കാത്തതും ടെൻഡർ നടപടികൾ ആരംഭിക്കാത്തതും പദ്ധതിയെ തടസ്സപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു.

നിലവിൽ യാത്രക്കാർ ഒരു സ്വകാര്യ വ്യക്തി പണം മുടക്കി സ്ഥാപിച്ച താൽക്കാലിക ഷീറ്റ് ഷെഡിലാണ് കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. 3 ഏക്കർ 22 സെന്റ് സ്ഥലമുണ്ടായിട്ടും സമഗ്രമായ വികസനപദ്ധതി നടപ്പാക്കാനായിട്ടില്ലെന്നും, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പ് നിലവിലുണ്ടായതിനാൽ സമഗ്രമായ പ്ലാൻ തയ്യാറാക്കുന്നതിൽ തടസ്സമുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി. കൂടാതെ, വരുമാന വർധനയ്ക്കായി ഷോപ്പ് റൂമുകൾ ഉൾപ്പെടുത്തി പദ്ധതി പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, ഗതാഗത മന്ത്രി നൽകിയ മറുപടിയിൽ, തൃശ്ശൂർ ബസ് സ്റ്റാൻഡ് നവീകരണം സാങ്കേതികമായ തടസ്സങ്ങളാൽ വൈകുന്ന “ഗൗരവമായ പ്രശ്നം” ആണെന്ന് വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് നവകേരള സദസിന്റെ ഭാഗമായി അംഗീകരിച്ച 868 കോടി രൂപയുടെ പദ്ധതിയിൽ ഡിപ്പോ നവീകരണ പ്രവർത്തനം ഉൾപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പാക്കുന്നതിനായി 7 കോടി രൂപയുടെ ഭരണാനുമതി 2026 ജനുവരി 29-ലെ സർക്കാർ ഉത്തരവ് പ്രകാരം നൽകിയിട്ടുണ്ട്. എന്നാൽ ഭരണാനുമതിയിലെ ശീർഷകത്തിലെ സാങ്കേതിക കൺഫ്യൂഷൻ കാരണം പദ്ധതി PRICE സോഫ്റ്റ്വെയർ മുഖേന മാപ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതാണ് നിലവിലെ പ്രധാന തടസ്സമെന്ന് മന്ത്രി വിശദീകരിച്ചു.

പ്രശ്നം ഗൗരവമായി പരിഗണിച്ച് സ്ഥലം സന്ദർശിക്കുമെന്നും, എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയിലൂടെ വിഷയത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Leave A Comment