കേരളം

കുഞ്ഞ് മിയയ്ക്കായി ഒന്നിച്ച് കേരളം, മൂന്ന് ദിവസത്തിൽ സമാഹരിച്ചത് 16.5 കോടി രൂപ

കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ടൈപ്പ്–1 ബാധിച്ച ആറ് മാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി മലയാളികൾ കൈകോർത്തപ്പോൾ വെറും മൂന്ന് ദിവസത്തിനകം 16.5 കോടി രൂപ സമാഹരിച്ചു. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി കുടുംബം നടത്തിയ അഭ്യർഥനയ്ക്കാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മലയാളികളിൽ നിന്ന് വൻ പിന്തുണ ലഭിച്ചത്.

മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളാണ് മിയ മരിയ. ഒരു മാസം മുൻപാണ് കുഞ്ഞിന് പേശികളെ ഗുരുതരമായി ബാധിക്കുന്ന എസ്എംഎ ടൈപ്പ്–1 രോഗം സ്ഥിരീകരിച്ചത്. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ രക്ഷിക്കാൻ ആവശ്യമായ ജീൻ തെറാപ്പിക്ക് ഏകദേശം 16 കോടി രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.


ഒന്നര വയസ് തികയുന്നതിന് മുൻപ് ജീൻ തെറാപ്പി നൽകേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചതായും എസ്എംഎ ബാധിച്ച കുട്ടികൾക്ക് ഭക്ഷണം വിഴുങ്ങുക, ശ്വസിക്കുക, ഇരിക്കുക, നടക്കുക തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ദുഷ്കരമാകാറുണ്ടെന്നും കുടുംബം വ്യക്തമാക്കി. നിലവിൽ ട്യൂബിലൂടെയാണ് മിയയ്ക്ക് ഭക്ഷണം നൽകുന്നത്.

"മിയ എന്നെ നോക്കി ചിരിക്കുമ്പോൾ തിരിച്ച് ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. അവളുടെ ജീവൻ എങ്ങനെ രക്ഷിക്കുമെന്ന ആശങ്കയിലായിരുന്നു. എന്നാൽ ജനങ്ങൾ നൽകിയ പിന്തുണയാണ് ഇപ്പോൾ ഞങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയത്," എന്ന് മിയയുടെ അമ്മ നിമ്മി പറഞ്ഞു.

വെറും മൂന്ന് ദിവസത്തിനകം ചികിത്സയ്ക്കാവശ്യമായ തുക സമാഹരിച്ചതോടെ മിയയുടെ ചികിത്സയ്ക്കുള്ള നടപടികൾ വേഗത്തിലാക്കാനാണ് കുടുംബവും ഡോക്ടർമാരും ഒരുങ്ങുന്നത്.

Leave A Comment