മുസിരിസ് പൈതൃക പദ്ധതി : ബോട്ടുകൾ തകരാറിലായിട്ട് മാസങ്ങൾ
പറവൂർ: മുസിരിസ് പൈതൃക പദ്ധതിയിൽ വിനോദ സഞ്ചാരികൾക്ക് ഉപയോഗപ്രദമാകേണ്ട ബോട്ടുകൾ തകരാർ പരിഹരിക്കാനാകാതെ തട്ടുകടവ് ജെട്ടിയിൽ കെട്ടിയിട്ടിട്ട് മാസങ്ങളാകുന്നു. പദ്ധതിക്കു കീഴിൽ ആകെയുള്ള 14 ബോട്ടുകളിൽ നാലെണ്ണം മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും സർവീസ് നടത്തുന്നത്. ഇതിൽ രണ്ട് വലിയ ബോട്ടും ഒരു സ്പീഡ് ബോട്ടും അഞ്ച് പേർക്ക് കയറാവുന്ന ഒരു വാട്ടർ ടാക്സിയുമാണുള്ളത്.
കാലാവധി കഴിഞ്ഞ ആറ് ബോട്ടുകൾ ലേലം ചെയ്ത് മെറ്റൽ സ്ക്രാപ് ട്രേഡിംഗ് കോർപ്പറേഷന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ വിറ്റെങ്കിലും ഇതുവരേയും തട്ടുകടവ് ജെട്ടിയിൽ നിന്ന് കൊണ്ടുപോയിട്ടില്ല. മാസങ്ങൾക്ക് മുമ്പ് എൻജിൻ തകരാറിലായതിനെ തുടർന്ന് നാല് ബോട്ടുകളും ജെട്ടിയിൽ കെട്ടിയിട്ടിട്ടുണ്ട്.ഇതിൽ രണ്ട് ബോട്ടുകളുടെ എൻജിൻ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞ സർക്കാർ പണം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥ അനാസ്ഥ തടസമായി.
മുസിരിസ് പദ്ധതിക്ക് കീഴിലെ പൈതൃക മ്യൂസിയങ്ങൾ സംയോജിപ്പിച്ച് 2015ൽ യുഡിഎഫ് ഭരണകാലത്താണ് ബോട്ട് സർവീസ് ആരംഭിച്ചത്. എറണാകുളത്ത് സർവീസ് നടത്തി കാലപ്പഴക്കം ചെന്ന ആറ് ബോട്ടുകളാണ് പറവൂരിലേക്ക് കൊണ്ടുവന്നത്. ഇവ അധികനാൾ കഴിയും മുമ്പേ തകരാറിലായി.
കാലാവധി പത്ത് വർഷം കഴിഞ്ഞവയായതിനാൽ ഇനി ഉപയോഗിക്കരുതെന്ന് ബോട്ടുകളുടെ പരിശോധന നടത്തിയ മാരിടൈം ബോർഡ് നിർദേശിച്ചിരുന്നു. ഇത് അവഗണിച്ചാണ് പറവൂരിലെത്തിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ച് പുതിയ ബോട്ടുകൾക്ക് ഓർഡർ കൊടുത്തിരുന്നു.അത് രണ്ട് മാസത്തിനകം പറവൂരിലേക്ക് എത്തും.
Leave A Comment