കൈപ്പമംഗലത്ത് മത്സ്യബന്ധന തുറമുഖം; സമഗ്ര വികസന പദ്ധതിക്ക് പ്രഖ്യാപനം
കൈപ്പമംഗലം: കൈപ്പമംഗലത്തിന്റെ വികസന ചരിത്രത്തിലെ നിർണായകമായി മത്സ്യബന്ധന തുറമുഖം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുറമുഖത്തോടനുബന്ധിച്ച മേഖലകളുടെ സമഗ്ര വികസനത്തിനായി ബൃഹത് പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
2006 മുതൽ പദ്ധതിക്കായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും യാഥാർഥ്യമാകാതെ തുടരുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. കെ. ശേഖരൻ, ഡി.സി.സി. ജനറൽ സെക്രട്ടറി സി. ജെ. പോൾസൺ, ഡി.സി.സി. അംഗം മണികാവുങ്ങൽ കെ. കെ. അഫ്സൽ, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം കെ. എം. വിജയൻ, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട നിവേദക സംഘം മുഖ്യമന്ത്രിയെയും ഫിഷറീസ് മന്ത്രിയെയും നേരിൽ കണ്ട് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു.
തുടർനടപടികളുടെ ഭാഗമായി നടന്ന പരിപാടിയിൽ പഞ്ചായത്ത് ഭരണസമിതി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി, യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി, കുരിക്കുഴി ക്ഷേത്രം കമ്മിറ്റി പ്രതിനിധികൾ എന്നിവർ മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചു.
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളുടെ ആവശ്യകത ബെന്നി ബെഹനാൻ എം.പി. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും അറിയിച്ചു.
വിവിധ തലങ്ങളിലെ ഇടപെടലുകളുടെ തുടർച്ചയായാണ് കൈപ്പമംഗലത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്ന മത്സ്യബന്ധന തുറമുഖ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.
Leave A Comment