ജില്ലാ വാർത്ത

പെരുമ്പാവൂർ ഹൈബ്രിഡ് ഗഞ്ചാവ് കേസ്: രണ്ട് പേർ കൂടി പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ 17 കിലോ ഹൈബ്രിഡ് ഗഞ്ചാവ് പിടികൂടിയ കേസിൽ അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ട് പ്രധാന കണ്ണികൾ കൂടി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻപറമ്പിൽ ജഗത്ത് (29) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തായ്ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് ഗഞ്ചാവ് സംസ്ഥാനത്തെ വിതരണക്കാരിലെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽ നിന്ന് ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

കേസിൽ നേരത്തെ പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാംതൊടി സഞ്ജയ് പി. (22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ അബു താഹിറിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.

ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള ലഹരിമരുന്ന് വിതരണ ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. തായ്ലൻഡിലെ വിവിധ വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്ക് ഹൈബ്രിഡ് ഗഞ്ചാവ് കടത്തുന്ന അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാടുകളുടെ രേഖകൾ, വിദേശ യാത്രാ രേഖകൾ, ഡിജിറ്റൽ തെളിവുകൾ, ലഹരിമരുന്ന് കടത്തിന് ഉപയോഗിച്ച ആഡംബര വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. അബു താഹിറും ഹരികൃഷ്ണനും തായ്ലൻഡിലേക്ക് വിസയും വിമാന ടിക്കറ്റും പ്രതിഫലവും നൽകി ഏജന്റുമാരെ അയക്കുകയും, അവർ ഹൈബ്രിഡ് ഗഞ്ചാവുമായി തിരിച്ചെത്തുമ്പോൾ വിമാനത്താവളത്തിന് പുറത്ത് നിന്ന് ഏറ്റുവാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 കോടി രൂപയോളം വിലവരുന്ന 17 കിലോ ഹൈബ്രിഡ് ഗഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ പെരുമ്പാവൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാറമ്പിള്ളി കുന്നുവഴിയിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 1.166 കിലോഗ്രാം ഹൈബ്രിഡ് ഗഞ്ചാവുമായി ആദ്യം ആയുഷിനെ പിടികൂടി. തുടർന്ന് കുന്നുവഴിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 16 കിലോ ഹൈബ്രിഡ് ഗഞ്ചാവ് കൂടി കണ്ടെത്തി അനികയെ അറസ്റ്റ് ചെയ്തത്.

എ.എസ്.പി. ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, ടി.പി. അബ്ദുൾ ജലീൽ, എ.എസ്.ഐ. സുബൈർ എം.ബി., സീനിയർ സി.പി.ഒ. ഷിജോ പോൾ, സി.പി.ഒ. നജ്മി എ.കെ. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Comment