ജില്ലാ വാർത്ത

സ്നാപ്പ് ഡീലിന്റെ ലക്കിഡ്രോ അടിച്ചെന്ന് ഫോൺ, കൊച്ചി സ്വദേശിനിക്ക് നഷ്ടമായത് 1.13 കോടി രൂപ

എറണാകുളം : ഓൺലൈൻ വ്യാപാര സൈറ്റുകളിൽ നിന്ന് ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരമായി സോപ്പുപെട്ടിയും ഇഷ്ടികയും ഒക്കെ ലഭിച്ച പരാതികൾ അനവധിയുണ്ട്. എന്നാൽ അടുത്തകാലത്ത് ലക്കി ഡ്രോയിൽ നിങ്ങളുടെ ഇമെയിൽ ഐഡിക്ക് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെന്നു അറിയിച്ചുള്ള ഫോൺവിളികളും ബന്ധപ്പെട്ട തട്ടിപ്പുകളും കൂടുകയാണ്. ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ് കൊച്ചി സ്വദേശിനി. തൃപ്പൂണിത്തുറക്കാരി ശോഭാ മോനോനില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത് 1.13 കോടി രൂപ.ഇകോമേഴ്‌സ് വ്യാപാര പ്ലാറ്റ്‌ഫോമായ സ്നാപ്പ് ഡീലിന്റെ ലക്കിഡ്രോയില്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിയിച്ചാണ് സംഘം ഇവരില്‍ നിന്ന് വന്‍തുക കൈപ്പറ്റിയത്. ശോഭാ മേനോന്റെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് കേസ് എടുത്തു.

മാര്‍ച്ച്‌ 26നും സെപ്റ്റംബര്‍ 9നും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌നാപ്പ് ഡീലിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് മൂന്ന് വ്യത്യസ്ത നമ്പറുകളിൽ നിന്ന് ഫോണുകോളുകളും മെസേജുകളും ശോഭയ്ക്ക് ലഭിച്ചു. ലക്കി ഡ്രോയില്‍ ഒന്നാം സമ്മാനമായി 1.33 കോടി രൂപ ലഭിച്ചെന്നും പണം ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നും ഇവര്‍ സ്ത്രീയെ അറിയിച്ചു. ഇവരുടെ കെണിയില്‍ വീണ സ്ത്രീ 1.13 കോടി അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു.

നിലവില്‍ ലഭ്യമല്ലാത്ത 7501479536, 7548053372, 9163138779 എന്നീ നമ്ബരുകളില്‍ നിന്ന് ശോഭയ്ക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചത്. സമ്മാനത്തുകയ്‌ക്കൊപ്പം സര്‍വീസ് ചാര്‍ജും തിരികെ ലഭിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഇതോടെ ശോഭ പ്രതികളുടെ അക്കൗണ്ടിലേക്ക് പല തവണകളായി 1.13 കോടി രൂപ കൈമാറി. പിന്നീട് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് സ്ത്രീ പൊലീസി്ല്‍ പരാതി നല്‍കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്കി ഡ്രോയുടെ പേരില്‍ നിരവധി പേരാണ് സമാനമായ തട്ടിപ്പിന് ഇരയായിട്ടുള്ളത്. സൈബര്‍ തട്ടിപ്പിനെ കുറിച്ച്‌ നിരവധി ബോധവത്കരണ പരിപാടികള്‍ നടത്താറുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴും ഇത്തരം വ്യാജപ്രചാരണത്തില്‍ വീഴുന്നതായി പൊലീസ് പറയുന്നു.

Leave A Comment