ജില്ലാ വാർത്ത

ആവേശ തുഴയെറിയാൻ വള്ളങ്ങൾ, കോട്ടപ്പുറം കായലിൽ നാളെ ജലപൂരം

കൊടുങ്ങല്ലൂർ : ഓളപ്പരപ്പിലെ ആവേശമായ വള്ളംകളിക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 വള്ളംകളിയും പ്രാദേശിക വള്ളംകളിയും നാളെ (ഒക്ടോബര്‍ 15 ) കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം കായലിനെ ആവേശത്തോണിയിലേറ്റും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 9 തുഴച്ചില്‍ ടീമുകളുടെ ആറാം പാദ മത്സരമാണ് നടക്കുന്നത്. വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, മറ്റ് ചുണ്ടന്‍ വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍ എന്നിവയുടെ മത്സരം, തനത് കലാരൂപങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. 

വള്ളംകളിയും സാംസ്‌കാരിക സമ്മേളനവും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30ന് പതാക ഉയര്‍ത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. സമ്മാനദാനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുഖ്യ അതിഥികളായി ബെന്നി ബെഹനാൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് , കൊടുങ്ങല്ലൂർ നഗരസഭ  ചെയർപേഴ്സൺ എം യു ഷിനിജ, വിശിഷ്ട അതിഥിയായി ചലച്ചിത്ര സംവിധായകൻ  കമൽ എന്നിവർ പങ്കെടുക്കും. മുസിരിസ് എംഡി ഡോ.കെ മനോജ്കുമാർ  ചടങ്ങിൽ സ്വാഗതവും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി ഐ സുബൈർകുട്ടി നന്ദിയും പറയും.

ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ നടക്കുന്ന കലാപരിപാടികളിൽ മേളം, തിരുവാതിര കളി, മാർഗ്ഗംകളി, ഒപ്പന, നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.  3 മണിക്ക് ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. 

കോവിഡ് മൂലം മുടങ്ങിക്കിടന്ന  ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ 2022 ൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിലായാണ് നടത്തുന്നത്. സെപ്റ്റംബർ നാലിന് ആലപ്പുഴ ജില്ലയിൽ തുടക്കം കുറിച്ച സിബിഎൽ മത്സരങ്ങൾ നവംബർ 26ന് കൊല്ലത്ത് നടത്തുന്ന മത്സരങ്ങളോടെ സമാപിക്കും.

Leave A Comment