ജില്ലാ വാർത്ത

നഗ്ന വീഡിയോ പകര്‍ത്തി ഏഴ് വര്‍ഷം യുവതിയെ നിരന്തരം പീഡിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം:നഗ്ന വീഡിയോ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍.വിജിലന്‍സ് ഗ്രേഡ് എസ് സിപിഒയും അരുവിക്കര കാച്ചാണി സ്വദേശിയുമായ സാബു പണിക്കര്‍ (48) ആണ് അറസ്റ്റിലായത്. 40കാരിയായ യുവതിയെ ഇയാള്‍ നിരന്തരം പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഇയാളെ അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. 

ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുടെ വീഡിയോയാണ് ഇയാള്‍ പകര്‍ത്തിയത്. ഇതിന് ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സാബു. കഴിഞ്ഞ ഏഴ് വര്‍ഷമായി യുവതിയെ ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി ഹോട്ടലുകളില്‍ മുറി എടുത്ത് പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ അടുത്തയിടെ യുവതിയുടെ നഗ്‌ന വീഡിയോ പുറത്തുവിട്ടതോടെയാണ് യുവതി അരുവിക്കര പൊലീസില്‍ പരാതി നല്‍കിയത്.

പീഡനം, ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Leave A Comment