തൃശൂർ ജില്ലയിൽ 5013 അതിദരിദ്രർ: 750 പേർക്ക് വിവിധ രേഖകൾ നൽകി
തൃശൂർ : ജില്ലയിൽ അതിദരിദ്രരായി 5013 പേരെ കണ്ടെത്തി. കോർപ്പറേഷൻ 381, മുനിസിപ്പാലിറ്റി 996, ഗ്രാമപഞ്ചായത്ത് 3636 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ പട്ടികജാതി വിഭാഗത്തിൽ 1337, പട്ടികവർഗ വിഭാഗത്തിൽ 44, മറ്റ് വിഭാഗങ്ങളിലായി 3604 എന്നിങ്ങനെ ഉൾപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കുടിയേറി താമസിച്ചവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, യാചകർ എന്നിവരായി 28 പേരെയും കണ്ടെത്തി.
അവകാശരേഖകൾ ഇല്ലാത്ത ഒരാൾ പോലും അതിദരിദ്രരുടെ ലിസ്റ്റിൽ അവശേഷിക്കരുത് എന്ന ലക്ഷ്യത്തോടെ ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി രേഖകൾ 750 പേർക്ക് നൽകി. 513 കുടുംബങ്ങൾക്കാണ് ആകെ റേഷൻ കാർഡ് നൽകാനുള്ളത്. അതിൽ 333 കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി. ആധാർ കാർഡ് ആവശ്യമുള്ളത് 310 പേർക്കാണ്. 134 പേർക്ക് ആധാർ കാർഡ് നൽകി. വോട്ടർ ഐഡി നൽകാനുള്ള 543 പേരിൽ 283 പേർക്കും നൽകി.
അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ, സാക്ഷ്യപത്രം എന്നിവ തയ്യാറാക്കി അവർക്ക് വേണ്ട ചികിത്സ, ഭക്ഷണം, പോഷകാഹാരം, രേഖകൾ എന്നിവ തദ്ദേശസ്വയംഭരണ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ നൽകി വരുന്നുണ്ട്.
Leave A Comment