ജില്ലാ വാർത്ത

മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവ്

പത്തനംതിട്ട: മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ 2020-ലാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.

പത്തനംതിട്ട കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ മാതാവ് നേരത്തെ ഇയാളെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു.

2020 കാലയളവിൽ പെൺകുട്ടിയെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗികപീഢനത്തിനിരയാക്കുകയായിരുന്നു. പീഢനത്തിനിടയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കുകയും ചെയ്തിരുന്നു. നിലവിളിച്ചു കൊണ്ട് പെൺകുട്ടി അയൽവീട്ടിൽ ഒരു രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. പിറ്റേദിവസം സ്കൂളിലെത്തി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയോട് അദ്ധ്യാപികമാർ സംഭവം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന പോലീസ് കേസെടുക്കുകയായിരുന്നു.

പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ പൂർണമായും അംഗീകരിച്ച കോടതി ഇന്ത്യൻ പീനൽ കോഡിലെ 376-ലെ വിവിധ ഉപവകുപ്പുകൾ, പോക്സോ ആക്ട് 3, 4, 5, 6 എന്നിവയിലെ വിവിധ ഉപവകുപ്പുകൾ, 75 ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

അതേസമയം, വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിനതടവിനു ശിക്ഷിച്ചുവെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന ഉത്തരവിൻ പ്രകാരം പ്രതിയ്ക്ക് 67 വർഷം ശിക്ഷാകാലo അനുഭവിച്ചാൽ മതിയാകും. പിഴ തുക പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ശിക്ഷാവിധിയിൽ പറയുന്നു.

Leave A Comment