തൊഴിലുറപ്പ് പദ്ധതിയിൽ ദുർവിനിയോഗം: തുക തിരിച്ചടയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്
തൃശൂർ : അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മണലൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ദുർവിനിയോഗം ചെയ്ത തുക തിരിച്ചടയ്ക്കാൻ ജില്ലാ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
2022 - 2023 സാമ്പത്തിക വർഷത്തിൽ പതിനൊന്നാം വാർഡിൽ നടപ്പിലാക്കിയ 'മണലൂർ പടിഞ്ഞാറ്റുമുറി വാർഡിൽ ചെറുകിട നാമമാത്ര കർഷകരുടെ ഭൂമിയിലെ പ്രവർത്തനങ്ങൾ' എന്ന പ്രവൃത്തിയിലാണ് തുക ദുർവിനിയോഗം കണ്ടെത്തിയത്. ഈ പ്രവൃത്തിക്കായി വിതരണം ചെയ്ത അഞ്ച് മസ്റ്റർ റോളുകൾ പ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ച് 16 -ാം വാർഡിൽ 211 തൊഴിൽ ദിനങ്ങൾ ചെയ്ത് 65,621/- രൂപ ദുർവിനിയോഗം ചെയ്തത്തിനെതിരെയാണ് ജില്ലാ ഓംബുഡ്സ്മാൻ അഡ്വ.വി അബ്ദുൾ അസീസിന്റെ ഉത്തരവ്.
ആ കാലയളവിൽ മണലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സൂര്യകുമാരി, അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ശ്രീനിവാസൻ, അക്രഡിറ്റഡ് എഞ്ചിനീയർ നീതു, ഓവർസിയർ സുജ, അക്കൗണ്ടൻ്റ് കം ഐടി അസിസ്റ്റൻ്റുമാരായ ലിനി, ബിനി എന്നിവർ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം 65,621/- രൂപ തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടിലേക്ക് തിരിച്ചടക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.
പതിനൊന്നാം വാർഡിലെ എസ്റ്റിമേറ്റിനെക്കാൾ അധികരിച്ച് 47 തൊഴിൽദിനങ്ങൾ 20 തൊഴിലാളികൾ പ്രവൃത്തി ചെയ്തതിനാൽ അവർക്ക് നൽകേണ്ട 14,617 രൂപ 15 ദിവസത്തിനകം നൽകണമെന്നും നിർദേശമുണ്ട്. അന്തിക്കാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ നിയമാനുസൃത നടപടികൾ സ്വീകരിച്ച് ഉത്തരവ് നടപ്പാക്കി വിവരം ജില്ലാ ഓംബുഡ്സ്മാൻ കാര്യാലയത്തിൽ (MGNREGS) യഥാസമയം അറിയിക്കണമെന്നും നിർദ്ദേശിച്ചു.
Leave A Comment