ജില്ലാ വാർത്ത

ലഹരിവേട്ട ശക്തമാക്കാൻ എറണാകുളം ജില്ലാ ജനകീയസമിതി

കൊച്ചി : ജില്ലയില്‍ ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ തീരുമാനിച്ചു. 

 ലഹരി മരുന്നുകള്‍ പിടികൂടുന്നതിന് അത്യാധുനിക മാര്‍ഗങ്ങള്‍ വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമാക്കണം.  പെരുമ്പാവൂര്‍ കോതമംഗലം നഗര ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു പോലീസിന്റെയും എക്സൈസിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. കുട്ടികള്‍ ലഹരി ഉപയോഗത്തിന് അടിപ്പെടുന്നത് തടയുന്നതിനായി വിദ്യാലയങ്ങളിലും പുറത്തും കായിക പരിശീലനത്തിനു പ്രാധാന്യം നല്‍കണം. കുട്ടികള്‍ക്കു വേണ്ടി പ്രത്യേക വിമുക്തി കേന്ദ്രം സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 

 എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ജില്ലയില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ഇക്കാലളവില്‍ 3,871 ഇടങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയത്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട 246 കേസുകളിലും 370 അബ്കാരി കേസുകളിലുമായി 687 പേരെ അറസ്റ്റ് ചെയ്തു. നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പന ചെയ്തതിന് 2452 കേസുകളിലായി 4,85,000 രൂപ പിഴ ഈടാക്കി. 

 ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ സാഹചര്യത്തില്‍ ലഹരി ഉപയോഗം ശക്തമാക്കാനുള്ള സാധ്യത പരിഗണിച്ച്  ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, മാളുകള്‍, കായിക പരിശീലന കേന്ദ്രങ്ങള്‍, ബോട്ട് ജെട്ടികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റിസോര്‍ട്ടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രഹസ്യ നിരീക്ഷണം നടത്തി വരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 

 ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ബി സുനിലാല്‍    അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍, വിമുക്തി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സി. സുനു ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Comment