ബസ് ചതുപ്പിലേക്ക് മറിഞ്ഞു; ഒരാൾ ബസിനടിയിൽ പെട്ടു, നിരവധി പേർക്ക് പരിക്ക്
പറവൂർ: പറവൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ചെറായി റോഡിൽ പെരുമ്പടന്ന പാടത്തേക്കാണ് ബസ് മറിഞ്ഞത്. പാടത്ത് കക്ക വാരിക്കൊണ്ടിരുന്നയാൾ ബസിനടിയിൽ പെട്ടു. പെരുമ്പടന്ന പടവില താഴത്തെ ഗോപിയുടെ (77) കാല് ബസിന്റെ അടിഭാഗത്ത് കുടുങ്ങി പോവുകയായിരുന്നു.
ഫയർഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് അരമണിക്കൂറിലധികം സമയം എടുത്താണ് ബസ് പൊക്കി ഗോപിയെ രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്കും റോഡരികിൽ നിന്നിരുന്നവർക്കും പരിക്കേറ്റു. ഗോപിയുടെ കാലിന് സാരമായി പരിക്കുണ്ട്.
സമീപത്ത് തന്നെ കുടയും മഴക്കോട്ടും വിൽപ്പന നടത്തിയിരുന്നയാളും മകനും ഉണ്ടായിരുന്നെങ്കിലും ഇവർക്ക് കാര്യമായ പരിക്കില്ല. ബസിൽ 25 ഓളം യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ പലർക്കും പരിക്കുണ്ടെങ്കിലും സാരമല്ലെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ ഏഴിക്കര പഞ്ചായത്ത് അംഗം വീണ അശ്വനി കുമാർ പറഞ്ഞു.
എറണാകുളത്തു നിന്നും പറവൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ദോസ്ത് എന്ന സ്വകാര്യ ബസ് ആണ് പാടത്തെ ചതുപ്പിലേക്ക് പതിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. ഒരു കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു സ്വകാര്യ ബസിൽ ഇടിച്ച് നിയന്ത്രണം വിട്ട ബസ് റോഡരികിലെ താഴ്ന്ന പാടത്തേക്ക് പതിക്കുകയായിരുന്നു.
പുഴയുടെ അരികു ഭിത്തിയിൽ പുറകു വശത്തെ ചക്രം തടഞ്ഞതിനെ തുടർന്നാണ് ബസ് നിന്നത്. ബസ് അമിതവേഗതയിൽ ആയിരുന്നു എ ത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എതിരെ വന്ന ബസിനും സാരമായ കേടുപാടുകളുണ്ട്. വീതിയില്ലാത്ത ഈ റോഡിൽ നിരന്തരം അപകട ങ്ങൾ സംഭവിക്കാറുണ്ട്.
Leave A Comment