ഇന്ദിര കാന്റീന് സമൃദ്ധിയെ തകര്‍ക്കാനുള്ള ഗൂഢതന്ത്രം; ബിനീഷ് കോടിയേരി
കൊച്ചി: സമൃദ്ധി ജനകീയ ഹോട്ടലിനെ തകര്‍ക്കാനുള്ള യുഡിഎഫിന്റെ ഗൂഢതന്ത്രമാണ് കൊച്ചി മേയര്‍ വി.കെ. മിനിമോള്‍ പ്രഖ്യാപിച്ച ഇന്ദിര കാന്റീന് എന്ന് ബിനീഷ് കോടിയേരി.
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് നടത്താനിരിക്കുന്ന 50 ഇന കര്‍മ പദ്ധതിയിലെ സുപ്രധാന പ്രഖ്യാപനമാണ് 10 രൂപയ്ക്ക് പ്രാതലും അത്താഴവും ലഭിക്കുന്ന ഇന്ദിര കാന്റീനുകള്‍ സ്ഥാപിക്കും എന്നത്. നിലവില്‍ 20 രൂപയ്ക്ക് ഉച്ചയൂണ് നല്കുന്ന സമൃദ്ധി ഹോട്ടലുകളോട് ചേര്‍ന്ന് ഇന്ദിര കാന്റീനും വരും എന്നായിരുന്നു മേയര്‍ പ്രഖ്യാപിച്ചത്.
ഇന്ദിര കാന്റീനിന്റെ മറവില്‍ സമൃദ്ധിയെ ഇല്ലാതാക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നതെന്ന് എല്‍എഡിഎഫ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരിക്കുന്നത്.
ഇന്ദിര കാന്റീന് എന്ന പുതിയ പദ്ധതിയിലൂടെ കുടുംബശ്രീയുടെ മേല്‍നോട്ടം ഇല്ലാതാക്കി, സ്വകാര്യ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സമാന്തര സംവിധാനം ഉണ്ടാക്കാനാണ് യുഡിഎഫിന്റെ നീക്കം. ഇത് രാഷ്ട്രീയ ദുഷ്ടലാക്കാണ്, ഇതിനെ പ്രതിരോധിക്കണം എന്നാണ് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പ്
പാവങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ കോണ്‍ഗ്രസ് വരുന്നു: കുടുംബശ്രീയെ കൊല്ലാന്‍ ജനശ്രീയെങ്കില്, സമൃദ്ധിയെ വിഴുങ്ങാന്‍ ഇന്ദിരാ കാന്റീന്; കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ അധമ രാഷ്ട്രീയം
കേരളത്തിലെ ജനകീയ ബദലുകളെയും ഇടതുപക്ഷത്തിന്റെ വിജയകരമായ മാതൃകകളെയും അട്ടിമറിക്കുക എന്നത് യുഡിഎഫിന്റെ പഴയ ശീലമാണ്. പണ്ട് കുടുംബശ്രീയെ തകര്‍ക്കാന്‍ ജനശ്രീയുമായി ഇറങ്ങിത്തിരിച്ച അതേ ഗൂഢതന്ത്രം ഇപ്പോള്‍ കൊച്ചി നഗരസഭയിലും ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി.
വിശപ്പില്ലാത്ത നഗരം എന്ന സ്വപ്നത്തിന് മേല്‍ കത്തിവയ്ക്കുന്നു.
എല്‍ഡിഎഫ് ഭരണകാലത്ത് കൊച്ചിയില്‍ ആരും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് സമൃദ്ധി കൊച്ചി എന്ന ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ഈ പദ്ധതി ലോകശ്രദ്ധ നേടി. വെറും 10 രൂപയ്ക്ക് ഊണ് നല്കി തുടങ്ങിയ ഈ സംരംഭം, ഇന്ന് 20 രൂപ നിരക്കില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് താങ്ങായി നിലകൊള്ളുന്നു.
എന്നാല്‍, ഈ വിജയഗാഥയുടെ ശോഭ കെടുത്താന്‍ ഇപ്പോള്‍ ഇന്ദിരാ കാന്റീന് എന്ന പുതിയ പദ്ധതിയിലൂടെ ശ്രമം തുടങ്ങിിരിക്കുന്നു. കുടുംബശ്രീയുടെ മേല്‍നോട്ടം ഇല്ലാതാക്കി, സ്വകാര്യ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സമാന്തര സംവിധാനം ഉണ്ടാക്കാനാണ് യുഡിഎഫിന്റെ നീക്കം.
സമൃദ്ധിയുടെ പേരും മേല്‍നോട്ടവും ഇല്ലാതാക്കുന്നതോടെ കുടുംബശ്രീ വനിതകളുടെ സ്വയംപര്യാപ്തതയെയും കാര്യശേഷിയെയും തകര്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇന്ന് സിഎസ്ആര്‍ ഫണ്ട് നല്കുന്ന കമ്പനികള്‍ നാളെ പിന്മാറിയാല് ഈ പദ്ധതിയുടെ നിലനില്‍പ്പ് എന്താകും. ജനകീയ ഹോട്ടലുകളെ തകര്‍ത്ത് ആ തസ്തികകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പടിയാണിത്.
സമൃദ്ധി എന്ന ജനകീയ ബ്രാന്‍ഡിന് പകരം സ്വന്തം നേതാക്കളുടെ പേരും പടവും വച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ നോക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മറ്റ് വിഭവങ്ങള്‍ വിറ്റ് കിട്ടുന്ന ലാഭത്തിലൂടെ സാധാരണക്കാരന് കുറഞ്ഞ നിരക്കില്‍ ഊണ് നല്കുന്ന സമൃദ്ധിയുടെ സാമ്പത്തിക ചട്ടക്കൂടിനെ തകര്‍ക്കാനാണ് പത്ത് രൂപയ്ക്ക് പ്രാതല്‍ എന്ന വാഗ്ദാനവുമായി വരുന്നത്.
ജനകീയമായ ഒരു ഇടതുപക്ഷ ബദലിനെ ഇല്ലായ്മ ചെയ്യാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഈ കുബുദ്ധി തിരിച്ചറിയണം. സദുദ്ദേശ്യത്തോടെയുള്ള നീക്കമാണെങ്കില്‍ നിലവിലുള്ള സമൃദ്ധി പദ്ധതിക്ക് കൂടുതല്‍ ഫണ്ട്അനുവദിച്ച് അത് വിപുലീകരിക്കാനായിരുന്നു ഭരണസമിതി ശ്രമിക്കേണ്ടിയിരുന്നത്. അതിന് പകരം സമൃദ്ധിയുടെ തന്നെ സ്ഥലത്ത് പുതിയ പേരില്‍ കടന്നുകയറുന്നത് രാഷ്ട്രീയ ദുഷ്ടലാക്കല്ലാതെ മറ്റൊന്നുമല്ല. കുടുംബശ്രീയുടെ അഭിമാനമായ സമൃദ്ധി കൊച്ചിയെ നശിപ്പിക്കാനുള്ള ഈ ഗൂഢനീക്കത്തെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം.
Leave A Comment