ജില്ലാ വാർത്ത

നീതികിട്ടാതെ പിന്നോട്ടില്ലെന്ന് എറണാകുളം-അങ്കമാലി ഇടവക പ്രതിനിധി സംഗമം

കൊച്ചി : എറണാകുളം അതിരൂപതയ്ക്ക് നീതി ലഭിക്കുംവരെ വിട്ടുവീഴ്ചയില്ലാത്ത സമരമെന്ന പ്രഖ്യാപനവുമായി ഇടവക പ്രതിനിധി യോഗം. സമരത്തിന്റെ ഭാഗമായി പൊതുയോഗവും പ്രതിഷേധ പ്രകടനവും നടന്നു.

വിഭജനം വഴി അതിരൂപതയുടെ വസ്തുവകകൾ കൈക്കലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വത്തിക്കാൻ നിർദേശിച്ച റെസ്റ്റിറ്റ്യൂഷൻ അതിരൂപതയുടെതന്നെ ഭൂമി വിറ്റു നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജനാഭിമുഖ കുർബാന നിലനിർത്തുക, എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കുക എന്നീയാവശ്യങ്ങൾ ഉന്നയിച്ചാണ് ഇടവക പ്രതിനിധി യോഗം നടന്നത്.

യോഗത്തിൽ പാസാക്കിയ പ്രമേയം വത്തിക്കാനിൽ എത്തിക്കാനും തീരുമാനിച്ചു. വൈദികരുടെ അതിരൂപത സംരക്ഷണസമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ ആമുഖ സന്ദേശം നൽകി. ഫാ. സേവി പടിക്കപ്പറമ്പിൽ വിഷയാവതരണം നടത്തി. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, ജോസ് മുളവരിക്കൽ, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, ഫാ. ജോസഫ് പാറേക്കാട്ടിൽ, ജെമി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ആയിരത്തിലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തതായി അൽമായ മുന്നേറ്റം വ്യക്തമാക്കി.

Leave A Comment