കരിവെള്ളൂർ മുരളി ചുമതലയേറ്റു; മട്ടന്നൂർ ഇന്നു ചുമതലയേൽക്കും
തൃശൂർ: കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി കരിവെള്ളൂർ മുരളി ചുമതലയേറ്റു. കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി ഇന്നലെ രാവിലെയാണ് അക്കാദമിയിലെത്തി സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തത്. അക്കാദമിയുടെ 23-ാം സെക്രട്ടറിയാണ് കരിവെള്ളൂർ മുരളി. അക്കാദമി ചെയർമാനായി ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഇന്ന് അക്കാദമിയിലെത്തി ചുമതലയേൽക്കും.
അക്കാദമി തലപ്പത്ത് പുതിയ നേതൃത്വം വരുന്നതോടെ അക്കാദമി പ്രവർത്തനങ്ങൾ ഇനി കൂടുതൽ കാര്യക്ഷമമാകുമെന്നാണ് കലാകാരൻമാരടക്കമുള്ളവരുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസമാണ് അക്കാദമി ജനറൽ കൗണ്‍സിൽ പുനഃസംഘടിപ്പിച്ച് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയത്.അക്കാദമി പുനഃസംഘടന ഏറെ വൈകിയാണ് ഉണ്ടായതെങ്കിലും മുഴുവൻ കമ്മിറ്റിയെയും നിയമിച്ചാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.
ഇന്നലെ രാവിലെ അക്കാദമിയിലെത്തിയ കരിവെള്ളൂർ മുരളിയെ അക്കാദമി ജീവനക്കാരും അശോകൻ ചരുവിൽ, എൻ.ആർ. ഗ്രാമപ്രകാശ്, എം.എൻ. വിനയകുമാർ തുടങ്ങിയവരും ചേർന്ന് സ്വീകരിച്ചു.
Leave A Comment