അർജന്റീന കപ്പുയർത്തി; ഷിബുവിന്റെ ഹോട്ടലിൽ ഫ്രീ ബിരിയാണി 1,500 പേർക്ക്
തൃശൂർ : ഖത്തറിൽ അർജന്റീന ലോകകപ്പ് ഉയർത്തി ആഘോഷിക്കുന്പോൾ ഭൂഖണ്ഡങ്ങൾക്കിപ്പുറത്ത് തൃശൂർ ചേറൂരിൽ ആയിരം പേർക്കുള്ള ബിരിയാണിക്കായി അരി കഴുകിത്തുടങ്ങിയിരുന്നു.
അർജന്റീന ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ വിജയിച്ചാൽ ആയിരം പേർക്ക് സൗജന്യമായി ബിരിയാണി നൽകുമെന്ന് തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാൻഡ് ഹോട്ടൽ ഉടമ ഷിബു പൊറത്തൂർ പ്രഖ്യാപിച്ചിരുന്നു. ആളുകൂടിയപ്പോൾ ആയിരമെന്നത് 1,500 പേർക്കായി ഉയർത്തി.
ഷൂട്ടൗട്ടിൽ അർജന്റീന വിജയിച്ചതോടെ ഷിബുവും കൂട്ടരും ബിരിയാണിയുടെ ഒരുക്കങ്ങളിലേക്കു കടന്നു. വാഗ്ദാനം പാലിച്ച് ഇന്നലെ ഉച്ചയോടെ റോക്ക് ലാൻഡ് ഹോട്ടലിൽ ആദ്യമെത്തിയ 1,500 പേർക്കാണ് സൗജന്യമായി ബിരിയാണി വിളന്പിയത്.
ഫൈനലിലെ ആവേശപ്പോരാട്ടം കണ്ട് ആർപ്പുവിളിച്ച് ശബ്ദംപോയ അവസ്ഥയിലായിരുന്നു ഹോട്ടലുടമ ഷിബു. അർജന്റീനയുടെയുടെയും മെസിയുടേയും കടുത്ത ആരാധകനായ ഷിബു തന്റെ പ്രിയപ്പെട്ട ടീം ജയിച്ചാൽ അതിന്റെ സന്തോഷം ഇത്തരത്തിൽ കൊണ്ടാടണമെന്ന് ഉറപ്പിച്ചിരുന്നു.
280 കിലോ കോഴിയാണ് ബിരിയാണിയുണ്ടാക്കാൻ ഉപയോഗിച്ചത്. 150 കിലോയുടെ അരിയും വേണ്ടിവന്നു. പാലക്കാട് മുടപ്പല്ലൂർ സ്വദേശി ബഷീർ, തൃശൂർ കോലഴി സ്വദേശി ഗോപി എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം പേരാണ് ബിരിയാണി തയാറാക്കിയത്.
അർജന്റീന പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച ഹോട്ടലിൽ അർജന്റീനയുടെ ജേഴ്സിയണിഞ്ഞാണ് ബിരിയാണി വിളന്പിയത്. തൃശൂരിന്റെ പല ഭാഗങ്ങളിലുമുള്ള അർജന്റീന ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ചരിത്രവിജയം ബിരിയാണി കഴിച്ച് ആഘോഷിക്കാൻ രാവിലെ തന്നെ ചേറൂരിലെത്തിയിരുന്നു. ഹോട്ടലിനു മുന്നിൽ നീണ്ട വരിയും ഉണ്ടായിരുന്നു. ഷാഫി പറന്പിൽ എംഎൽഎ ഹോട്ടലിലെത്തി ആഘോഷത്തിൽ പങ്കു ചേർന്നു.
Leave A Comment