പറവൂരിൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം
പറവൂർ: നഗരത്തിലെ നടപ്പാതകൾ കൈയേറുന്നത് തടയുന്നതിനായി ശക്തമായ നടപടികളുമായി നഗരസഭ. ഇതിന്റെ ഭാഗമായി നടപ്പാതയിലേക്ക് കയറി കച്ചവടം നടത്തിയിരുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും മുകാംബി റോഡിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരങ്ങളിലും പാതയോരത്ത് സാധനങ്ങൾ നിരത്തിയിരുന്നവർക്കു കർശന നിർദേശം നൽകി അവ മാറ്റുകയും ചെയ്തു.
മുനിസിപ്പൽ ജംഗ്ഷൻ മുതൽ ചേന്ദമംഗലം ജംഗ്ഷൻ വരെയുള്ള പ്രദേശത്ത് വഴിയോര കച്ചവടം നിരോധിച്ചിട്ടുള്ളതാണെന്ന് അധികൃതർ അറിയിച്ചു. വ്യാപാരികൾ അടിയന്തരമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പുറകിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. അനധികൃത കച്ചവടങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന നിലപാടിലാണ് നഗരസഭ.
ഇന്ന് വൈകിട്ട് നാലിന് വഴിയോരകച്ചവടക്കാരുടെ പ്രധിനിധികളുടെ യോഗം ചെയർമാന്റെ നേതൃത്വത്തിൽ നടക്കും. ലൈസൻസ് ഇല്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിക്കുന്ന രാത്രികാല തട്ടുകടകളെ ഒഴിവാക്കും.
ഇതിനായി പ്രത്യേക പരിശോധനയും നീക്കവും നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ മാത്യു ജോർജ്, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ ബിമൽ, പീറ്റർ എന്നിവർ നേതൃത്വം നൽകി.
നിയമലംഘനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരനും അറിയിച്ചു.
Leave A Comment