ഇമ്രാൻ ഖാന് വെടിയേറ്റു; ആക്രമണം റാലിക്കിടെ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. പരിക്കേറ്റ ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനിലെ ഗുജ്റൻവാലയിൽ നടന്ന റാലിക്കിടെയാണ് ആക്രമണമുണ്ടായത്.
ഇമ്രാന്റെ വലതുകാലിലാണ് വെടിയേറ്റത്. മൂന്നു തവണ വെടിയേറ്റതായി പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻ ഇസ്മായിൽ പറഞ്ഞു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുജ്റൻവാലയിലെ അല്ലാവാല ചൗക്കിൽ നടന്ന പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്. വെടിവയ്പിൽ പിടിഐ നേതാവ് ഫൈസൽ ജാവേദിനും മറ്റ് മൂന്ന് നേതാക്കൾക്കും നിരവധി പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റതായി പ്രാദേശിക ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുക്കാൻ എത്തിയത്.
ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരായ പ്രതിപക്ഷ മാർച്ചിൽ സംസാരിക്കുകയായിരുന്നു മുൻ ക്രിക്കറ്റർ കൂടിയായ ഇമ്രാൻ. കണ്ടെയ്നർ ട്രക്കിന് മുകളിൽ നിന്നായിരുന്നു പ്രസംഗം. ഇതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമി എകെ-47 ഉപയോഗിച്ചാണ് വെടിവയ്പ് നടത്തിയതെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി പറഞ്ഞു.
Leave A Comment