ഹമാസ് നേതാക്കളുടെ വീടുകൾ ബോംബിട്ട് തകർത്തു; ഗാസ നിയന്ത്രിക്കാൻ ഇസ്രയേൽ
ടെൽ അവീവ്: അതിർത്തി കടന്നുള്ള ഹമാസിന്റെ ഭീകരാക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇസ്രയേൽ. ഗാസയിലെ പ്രധാന ഹമാസ് നേതാക്കളുടെ വീടുകൾ ഇസ്രേലി സൈന്യം ബോംബിട്ട് തകർത്തു.ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വീട് ഉൾപ്പെടെയാണ് യുദ്ധവിമാനങ്ങൾ തകർത്തത്. ഇസ്രേലി പ്രതിരോധസേനയായ ഐഡിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഹമാസിന്റെ പണമിടപാടുകൾ നടക്കുന്ന ബാങ്കുകളും വ്യോമാക്രമണത്തിൽ നിലംപരിശായി.
ഹമാസിനെതിരേ ആരംഭിച്ച ഓപ്പറേഷൻ അയൺ സോർഡ്സിന്റെ ഭാഗമായി വ്യോമാക്രമണത്തിനു പിന്നാലെ ഗാസ മുനമ്പിൽ ശക്തമായ കരയുദ്ധത്തിനും ഇസ്രയേൽ ഒരുങ്ങുകയാണ്. നിരവധി സൈനിക ടാങ്കുകൾ ഗാസ ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഗാസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാനാണ് ഇസ്രയേലിന്റെ നീക്കം.
അതേസമയം, ഗാസയിൽ ഇസ്രയേൽ പ്രത്യാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 313 ആയി. പരിക്കേറ്റവരുടെ എണ്ണം 2000 കടന്നു.
നേരത്തെ, ഹമാസിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ താക്കീത് നൽകിയിരുന്നു, അങ്ങേയറ്റം ക്രൂരവും ദുഷിച്ചതുമായ യുദ്ധമാണ് ഹമാസ് ആരംഭിച്ചതെന്നും ഇസ്രായേൽ പ്രതിരോധ സേന അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് തിരിച്ചടി നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment