അന്തര്‍ദേശീയം

രാഷ്ട്രപിതാവിന്റെ വീട് ഇടിച്ചുനിരത്തി തീയിട്ടു; ചരിത്രം പ്രതികാരം ചെയ്യുമെന്ന് ഹസീന

ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റേയും മകളും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടേയും ധാക്കയിലെ വസതി  പ്രതിഷേധക്കാര്‍ ഇടിച്ചുനിരത്തി തീയിട്ടതായി റിപ്പോർട്ട്.ഹസീനയുടെ രാഷ്ട്രീയ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സോഷ്യല്‍ മീഡിയയിലൂടെ ഷെയ്ഖ് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് കലാപത്തിന് കാരണം. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

ബുധനാഴ്ച്ച രാത്രി ഒമ്പതിനാണ് ഹസീന സോഷ്യല്‍ മീഡിയവഴി പൗരന്‍മാരോട് സംസാരിച്ചത്. അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹസീന സംസാരിച്ചത്. നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ അവര്‍ ആഹ്വാനംചെയ്തു.ഹസീനയുടെ പ്രസംഗം തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ വീട്ടിലേക്ക് കയറി ചുമരുകള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി. പിന്നീട് എക്‌സ്‌കവേറ്ററും ക്രെയ്‌നും ഉപയോഗിച്ച് കെട്ടിടം പൂര്‍ണമായും തുടച്ചുനീക്കി. പിന്നാലെ വീട്ടിലെ സാധങ്ങളെല്ലാം അഗ്നിക്കിരയാക്കി. മുതിര്‍ന്ന അവാമി ലീഗ് നേതാക്കളുടെ വീടുകളും നശിപ്പിച്ചു.

കലാപകാരികള്‍ക്ക് ഒരു കെട്ടിടം തകര്‍ക്കാന്‍ കഴിയും. പക്ഷേ, ചരിത്രം മായ്ക്കാന്‍ കഴിയില്ലെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ചരിത്രം പ്രതികാരം ചെയ്യുമെന്ന് കലാപകാരികള്‍ ഓര്‍ക്കണമെന്നും ഹസീന വ്യക്തമാക്കി. ഹസീന പ്രസംഗിക്കുമ്പോള്‍ ബുള്‍ഡോസര്‍ ഘോഷയാത്ര നടത്തണമെന്ന സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് ധാക്കയിലെ വസതിക്ക് മുന്നില്‍ ആയിരങ്ങള്‍ തടിച്ചുകൂടുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തുകയും തീയിടുകയുമായിരുന്നു.

Leave A Comment